ബെര്‍ലിൻ: യൂറോ കപ്പ് ക്വാർട്ടറിൽ ജർമൻ കരുത്തിനെ പിടിച്ചുകെട്ടി സ്പെയിൻ. തുല്യശക്തികൾ ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് സ്പാനിഷ് പട ജയിച്ചുകയറിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടി സമനില പാലിച്ച മത്സരത്തിന്‍റെ വിധിയെഴുതിയത് എക്‌സ്ട്രാ ടൈമിൽ മൈക്കൽ മെറിനോ നേടിയ ഗോളാണ്.
ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ കളിച്ച മത്സരത്തില്‍ ആദ്യം ലീഡ് പിടിച്ചത് സ്പെയിൻ. മത്സരത്തിന്‍റെ 51-ാം മിനിറ്റില്‍ ഡാനി ഒല്‍മോയിലൂടെ സ്പെയിൻ മുന്നിലെത്തി. 89-ാം മിനിറ്റില്‍ ഫ്ലോറിയൻ വിര്‍ട്‌സിലൂടെയാണ് ജര്‍മനി സമനില ഗോള്‍ കണ്ടെത്തുന്നത്.
കളി തുടങ്ങി ആദ്യ മിനിറ്റുകള്‍ മുതല്‍ക്ക് തന്നെ സ്‌പാനിഷ് പട ജര്‍മൻ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തി. വിങ്ങുകളിലൂടെ നിക്കോ വില്യംസും ലമീൻ യമാലും ജര്‍മൻ പ്രതിരോധത്തിന് തലവേദന സൃഷ്‌ടിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് യുവതാരം പെഡ്രിയെ മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ തന്നെ സ്പെയിന് പിൻവലിക്കേണ്ടി വന്നു.
പകരക്കാരനായാണ് ഡാനി ഒല്‍മ കളത്തിലിറങ്ങുന്നത്. പന്ത് കൈവശം വച്ച് കളിക്കാനായിരുന്നു പലപ്പോഴും ജര്‍മനിയുടെ ശ്രമം. കിട്ടിയ അവസരങ്ങളില്‍ സ്‌പാനിഷ് പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ക്കാനുള്ള ശ്രമങ്ങള്‍ ജര്‍മനിയും നടത്തി. എന്നാല്‍, ഗോള്‍ മാത്രം അവരില്‍ നിന്നും അകന്നുനിന്നു.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ സ്പെയിൻ തുടര്‍ച്ചയായി ജര്‍മൻ ബോക്സിലേക്ക് കടന്നുകയറി. എന്നാല്‍, ശക്തമായ പ്രതിരോധം തീര്‍ത്ത ജര്‍മനി സ്പാനിഷ് പടയെ ഗോളിലേക്ക് എത്താതെ തടഞ്ഞുനിര്‍ത്തി. ഇതോടെ, ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മികച്ച അവസരങ്ങള്‍ സൃഷ്‌ടിക്കാൻ സ്പെയിന് സാധിച്ചു. അല്‍വാര മൊറാട്ട നടത്തിയ ഗോള്‍ ശ്രമം ഗോള്‍ ബാറിന് മുകളിലൂടെ കടന്നുപോയി. ഇതിന് പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആതിഥേയരെ ഞെട്ടിക്കാൻ സ്പെയിന് സാധിച്ചു.
വലതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ ലാമിൻ യമാല്‍ ബോക്‌സിന്‍റെ മധ്യഭാഗത്തേക്ക് അളന്നുമുറിച്ച് ഒരു പാസ് നല്‍കി. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡാനി ഒല്‍മോ ഓടിയെത്തി തകര്‍പ്പൻ ഷോട്ടിലൂടെ ജര്‍മൻ വലയിലെത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ജര്‍മനിയും കരുത്ത് കൂട്ടി.
ഇടയ്‌ക്കിടെ മത്സരം പരുക്കനാകുകയും ചെയ്‌തു. മുസിയാല, ഫുള്‍ക്ക്‌റഗ്, ടോണി ക്രൂസ് എന്നിവരെല്ലാം സമനില ഗോളിനായി പൊരുതി. 69-ാം മിനിറ്റില്‍ ആൻഡ്രിച്ചിന്‍റെ ഗോളെന്നുറച്ച ഷോട്ട് സ്പാനിഷ് ഗോളി ഉനായി സിമോണ്‍ തട്ടിയകറ്റി. 77-ാം മിനിറ്റില്‍ കിട്ടിയ അവസരം ഫുള്‍ക്ക്‌റഗിന് മുതലെടുക്കാനായില്ല.
പിന്നീട്, ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിക്കാൻ കായ് ഹാവെര്‍ട്‌സിനും സാധിച്ചില്ല. സമനില ഗോളിനായി പൊരുതിയ ജര്‍മനി 89-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഫ്ലോറിയൻ വിര്‍ട്‌സായിരുന്നു ഗോള്‍ സ്കോറര്‍. മത്സരം സമനിലയിലായതോടെ എക്‌സ്ട്രാ ടൈമിലേക്ക്.
അധിക സമയത്ത് മികച്ച മുന്നേറ്റങ്ങളുമായി ജര്‍മനി കളം നിറഞ്ഞു. ഉനായ് സിമോണിന്‍റെ സേവുകളായിരുന്നു സ്പെയിനെ മത്സരത്തില്‍ രക്ഷിച്ചത്. കിട്ടിയ അവസരങ്ങളില്‍ മുന്നേറ്റം നടത്താനുള്ള സ്പെയിന്‍റെ ശ്രമം 119-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. പകരക്കാരനായിറങ്ങിയ മൈക്കല്‍ മെറിനോ ഹെഡറിലൂടെയാണ് വിജയഗോള്‍ നേടിയത്. ഇതോടെ, ജര്‍മനിയുടെ പുറത്താകുകയും സ്പെയിൻ സെമിയിലേക്ക് കുതിക്കുകയും ചെയ്‌തു.