ബെര്‍ലിൻ: കാല്‍പ്പന്ത് കളിയില്‍ യൂറോപ്പിലെ പുതിയ ചാമ്പ്യന്മാര്‍ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്പെയിനും ഇംഗ്ലണ്ടും തമ്മിലാണ് കലാശപ്പോരാട്ടം. ഞായറാഴ്‌ച ഇന്ത്യൻ സമയം രാത്രി 12.30-നാണ് മത്സരത്തിന്‍റെ കിക്കോഫ്.
ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച ടീം എന്ന വിശേഷണമുള്ള സംഘമാണ് സ്പെയിന്‍റേത്. കൗമാരക്കാരൻ ലമിൻ യമാലിന്‍റെയും മധ്യനിരയുടെയും പ്രകടനങ്ങളാണ് ടീമിന്‍റെ കരുത്ത്. യമാലിനൊപ്പം വിങ്ങര്‍ നിക്കോ വില്യംസും ടീമിന്‍റെ ആക്രമണങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നു.
ക്യാപ്‌റ്റൻ റോഡ്രി, ഫാബിയൻ റൂയിസ് എന്നിവരാണ് മധ്യനിരയില്‍ ടീമിന്‍റെ പ്രധാനികള്‍. ഡാനി ഓല്‍മോയും മികവ് കാട്ടുന്നത് ടീമിന്‍റെ മിഡ് ഫീല്‍ഡിനെ ഡബിള്‍ സ്ട്രോങ്ങാക്കുന്നു. സസ്‌പെൻഷനെ തുടര്‍ന്ന് ഫ്രാൻസിനെതിരായ സെമി ഫൈനലില്‍ കളിക്കാതിരുന്ന ഡാനി കാര്‍വഹല്‍, റോബിൻ ലെ നോര്‍മാൻഡ് എന്നിവര്‍ പ്രതിരോധത്തിലേക്ക് മടങ്ങിയെത്തുന്നത് സ്പാനിഷ് പടയുടെ കരുത്ത് കൂട്ടും.
കരുത്തരായ ജര്‍മ്മനി, ഫ്രാൻസ് ടീമുകളെ തോല്‍പ്പിക്കാൻ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാകും ടീം ഇന്ന് കലാശപ്പോരിന് ഇറങ്ങുക. ഫൈനലില്‍ ജയിക്കാനായാല്‍ നാല് യൂറോ കിരീടം (1964, 2008, 2012) നേടുന്ന ആദ്യ ടീമായി സ്പെയിന് മാറാം. 2012ന് ശേഷമുള്ള അവരുടെ ആദ്യത്തെ ഫൈനല്‍ കൂടിയാണ് ഇത്.
നിര്‍ണായക നിമിഷങ്ങളില്‍ മികവ് കാട്ടിയാണ് യൂറോ കപ്പിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ട് സ്പെയിനെ നേരിടാൻ എത്തിയിരിക്കുന്നത്. ഏത് നിമിഷത്തിലും കളിയുടെ ഗതി മാറ്റാൻ കെല്‍പ്പുള്ള ഒരുപിടി താരങ്ങളുണ്ട് ഇംഗ്ലണ്ടിനൊപ്പം. ജൂഡ് ബെല്ലിങ്‌ഹാം, ഹാരി കെയ്‌ൻ, ബുകായോ സാക്ക തുടങ്ങിയ പ്രമുഖരുടെ പ്രകടനം കലാശക്കളിയില്‍ ഇംഗ്ലീഷ് പടയ്‌ക്ക് ഏറെ നിര്‍ണായകമാകും.
58 വര്‍ഷത്തിനിടയിലെ ആദ്യ കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. ഫൈനലില്‍ സ്പെയിൻ തന്നെയാണ് മികച്ചവരെന്ന് ഇംഗ്ലീഷ് പരിശീലകൻ തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളെ എഴുതി തള്ളരുതെന്നും അദ്ദേഹം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.