മുംബൈ : രഞ്ജി ട്രോഫിയിൽ (Ranji Trophy) നിന്നും അകലം പാലിക്കുന്നത് തുടരുന്ന ശ്രേയസ് അയ്യര്‍ക്കും (Shreyas Iyer) ഇഷാൻ കിഷനും (Ishan Kishan ) മുട്ടന്‍ പണികൊടുക്കാന്‍ ബിസിസിഐ. ഇരുവരുടേയും കേന്ദ്ര കരാര്‍ ബിസിസിഐ റദ്ദാക്കിയേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ ഇന്ത്യയ്‌ക്കായി കളിക്കാത്ത സമയം ആഭ്യന്തര ക്രിക്കറ്റിന് ഇറങ്ങണമെന്ന് നേരത്തെ ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് വകയ്‌ക്കാതെയാണ് ശ്രേയസും ഇഷാനും തങ്ങളുടെ ടീമുകള്‍ക്കായി രഞ്ജി ട്രോഫിയിൽ കളിക്കാതിരിക്കുന്നത്.
"അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്‌ഷന്‍ കമ്മിറ്റി, 2023-24 സീസണിലേക്ക് കേന്ദ്ര കരാറുള്ള കളിക്കാരുടെ പട്ടിക ഏതാണ്ട് അന്തിമമാക്കിയിട്ടുണ്ട്. അത് ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. ബിസിസിഐയുടെ നിർദ്ദേശം ഉണ്ടായിരുന്നിട്ടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനാൽ കിഷനും അയ്യരും ആ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്"- ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറയുന്നു.
2022-23 കേന്ദ്ര കരാർ പ്രകാരം, ശ്രേയസ് അയ്യർ ബി വിഭാഗത്തിലും ഇഷാൻ കിഷൻ സി വിഭാഗത്തിലുമാണ് ഉള്‍പ്പെട്ടിരുന്നത്. യഥാക്രമം 3,1 കോടി രൂപയാണ് ഇരുവരുടേയും കരാര്‍ തുക. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം നടുവേദന അനുഭവപ്പെട്ട ശ്രേയസ് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പുറത്തായിരുന്നു.
എന്നാല്‍ പരിക്കല്ല, മോശം ഫോമാണ് 29-കാരന്‍റെ പുറത്താവലിന് കാരണമെന്ന് ഇതിന് പിന്നാലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്മാറിയ ഇഷാന് പിന്നീട് ടീമിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞിട്ടില്ല. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടായിരുന്നു 25-കാരനായ ഇഷാന്‍ അവധി തേടിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും താരം നേരെ പറന്നത് ദുബായില്‍ സഹോദരന്‍റെ പിറന്നാള്‍ ആഘോഷത്തിനായിരുന്നു. ഇക്കാര്യത്തില്‍ ബിസിസിഐക്ക് താരത്തോട് അതൃപ്‌തിയുണ്ടെന്ന് സംസാരമുണ്ട്. എന്നാല്‍ ക്രിക്കറ്റ് കളിച്ചാല്‍ താരത്തിന് ടീമിലേക്ക് മടങ്ങിയെത്താമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പലകുറി ആവര്‍ത്തിച്ചെങ്കിലും തന്‍റെ ടീമായ ജാര്‍ഖണ്ഡിന് വേണ്ടി രഞ്ജി ട്രോഫിയിൽ ഇറങ്ങാന്‍ 25-കാരന്‍ തയ്യാറായിട്ടില്ല.
ഇഷാന്‍ കിഷന്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി പ്രതികരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിന് മുന്നോടിയായി ഇഷന്‍ തന്‍റെ സാങ്കേതികതയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ALSO READ: നോ ബോളിൽ രക്ഷപ്പെട്ട ക്രൗളിയെ വീണ്ടും ബൗള്‍ഡാക്കി ; റാഞ്ചിയില്‍ മരണമാസ് കാട്ടി ആകാശ് ദീപ്
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയ്ക്കും (Hardik Pandya) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി കളിക്കുന്ന ക്രുണാല്‍ പാണ്ഡ്യയ്‌ക്കുമൊപ്പം (Krunal Pandya) ബറോഡയിലെ കിരൺ മോറ അക്കാദമിയില്‍ 25-കാരന്‍ പരിശീലനത്തിന് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.