ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറി ഷാക്കിബ് അൽ ഹസൻ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലാണ് സ്റ്റാർ ഓൾറൗണ്ടർ ഈ റെക്കോർഡ് തന്‍റെ പേരിൽ കുറിച്ചത്. 2008ൽ 37 വയസും 180 ദിവസവും പ്രായമുള്ളപ്പോൾ സ്പിന്നർ മുഹമ്മദ് റഫീഖ് ബംഗ്ലദേശിന് വേണ്ടി കളിച്ചതാണ് ഇതിനുമുമ്പ് റെക്കോഡ്.
അതേസമയം ടെസ്റ്റില്‍ ബംഗ്ലാദേശിന് ജയിക്കാൻ 357 റൺസും ആറ് വിക്കറ്റും ബാക്കിയുള്ളതിനാൽ ചെന്നൈ ടെസ്റ്റിൽ ഇന്ത്യയുടെ നില ശക്തമാണ്. ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാന്‍റോ 51 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഷാക്കിബ് അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. രവിചന്ദ്രൻ അശ്വിൻ മൂന്നും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. മോശം വെളിച്ചം കാരണം ടെസ്റ്റിന്‍റെ മൂന്നാം ദിവസത്തെ കളി നിശ്ചിത സമയത്തിന് മുമ്പ് അമ്പയർ നിർത്തി.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനായി 247 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ഷാക്കിബ് 37.11 ശരാശരിയിൽ 317 വിക്കറ്റുകളും 7570 റൺസും നേടിയിട്ടുണ്ട്. താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും (കെകെആർ), സൺറൈസേഴ്സ് ഹൈദരാബാദിനും (എസ്ആർഎച്ച്) വേണ്ടി കളിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ രാഷ്ട്രീയ അക്രമങ്ങൾക്കിടെ ഷാക്കിബിനെതിരെ കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ടെക്സ്റ്റൈൽ തൊഴിലാളി മുഹമ്മദ് റൂബലിന്‍റെ മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. പിതാവ് റഫീഖുൽ ഇസ്‌ലാമാണ് പരാതി നൽകിയത്. ആൾക്കൂട്ടത്തിലേക്ക് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.