എറണാകുളം: സവിശേഷ പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി സ്‌കൂൾ കായിക മേളയിൽ ഉൾപ്പെടുത്തിയ സെവൻസ് ഫുട്ബോളിന് പ്രത്യേകതകളേറെയാണ്. കളത്തിലിറങ്ങുന്ന ഏഴു കുട്ടികളിൽ ആറു പേരും പരിഗണനയർഹിക്കുന്ന കുട്ടികളാണ്. മത്സരത്തിൽ വല കാക്കുന്ന ഗോൾകീപ്പർ മാത്രമാണ് ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു വിദ്യാർഥി.
മൂന്നു പേർ ബുദ്ധിശക്തിയിൽ പരിമിതി അനുഭവിക്കുന്നവരാണ്. ഐക്യു അറുപത്തിയൊന്‍പത് ശതമാനത്തിൽ താഴെയുള്ളവരാണ് ഇത്തരം കുട്ടികൾ. കാഴ്‌ച പരിമിതി അനുഭവിക്കുന്ന വിഭാഗത്തിൽപ്പെടുന്ന ഒരു കുട്ടിയും ഈ വിഭാഗത്തിലുണ്ടാകും. കേൾവി കുറവുള്ള ഒരു വിദ്യാർഥിയും , ലോക്കോമോട്ടർ ഡിസെബിലിറ്റി വിഭാഗത്തിൽ പെടുന്ന കുട്ടിയും ടീമിൽ ഉൾപ്പെടുന്നു.
ഇത്തരത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന നാല് വിഭാഗത്തിൽ പെടുന്ന കുട്ടികളാണ് ബൂട്ടണിഞ്ഞ് കാൽപന്തുകളിക്കായി കളത്തിലിറങ്ങുന്നത്. ഒരോ ടീമിലും പകരക്കാരായി ഇറക്കാൻ അഞ്ച് പേരെക്കൂടി ടീമിൽ ഉൾപ്പെടുത്താൻ കഴിയും. എന്നാൽ ഒരു കുട്ടിക്ക് പകരക്കാരനായി ഇറങ്ങേണ്ടത് അതേ വിഭാഗത്തിൽപ്പെട്ട കുട്ടിയായിരിക്കണം. അഥവാ കാഴ്‌ച പരിമിതിയുള്ള കുട്ടിക്ക് പകരക്കാരനായി ഇതേ വിഭാഗത്തിൽ പെടുന്ന കുട്ടിയെ മാത്രമേ ഇറക്കാൻ കഴിയുകയുള്ളൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേൾവി പരിമിതിയുള്ള കുട്ടിക്ക് മൈതാനത്തിന്‍റെ പതിനഞ്ച് മീറ്ററിനുള്ളിൽ മാത്രമേ പന്ത് തട്ടാൻ അനുവാദമുള്ളൂ. അന്‍പത് മീറ്റർ നീളവും മുപ്പത് മീറ്റർ വീതിയുമുള്ള കോർട്ടിൽ ഇരുപത് മിനിറ്റ് സമയമാണ് ഒരു മാച്ചിനായി അനുവദിക്കുന്നത്. കൂടുതൽ ഗോളുകൾ നേടുന്ന ടീമാണ് വിജയിക്കുകയെങ്കിലും സമനിലയിൽ കലാശിച്ചാൽ നാല് പെനാൽറ്റി കിക്കുകൾ ഇരു ടീമുകൾക്കും അനുവദിക്കും. ടീമുകൾ നേടുന്ന ഗോളുകളായിരിക്കും വിജയിയെ തീരുമാനിക്കുക. ജനറൽ വിഭാഗത്തിൽപ്പെടുന്ന കുട്ടിക്കും, കേൾവിശക്തി കുറഞ്ഞ കുട്ടിക്കും പെനാൽറ്റി കിക്ക് എടുക്കാൻ അനുവാദമില്ല. പെനാൽറ്റി കിക്കിലും തുല്യത വന്നാൽ നെറുക്കെടുപ്പിലൂടെയാകും വിജയിയെ തെരെഞ്ഞെടുക്കുക.
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ വലിയ ആവേശമാണ് കാണിച്ചതെന്ന് പരിശീലകനായ കരീം മണ്ണാർക്കാട് പറഞ്ഞു. ഒരോ വിഭാഗത്തിൽ പെടുന്നവർക്കും അവർരുടെ അവസ്ഥ അനുസരിച്ചാണ് പരിശീലനം നൽകുന്നത്. കേരളം ഭിന്നശേഷി സൗഹൃദമാകുന്നതിൽ നിർണായക ചുവടുവെപ്പാണ് കായിക മേളയിൽ സവിശേഷ പരിഗണനയർഹിക്കുന്നവരെ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരത്തിനായി തെരെഞ്ഞെടുത്തത് മുതൽ പരിഗണനയർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പിന്തുണ എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ കായിക മേളയിൽ പരിഗണനയർഹിക്കുന്ന കുട്ടികളുടെ വിഭാഗത്തിൽ നടന്ന ഫുട്ബോൾ ടീമുകളുടെ മത്സരങ്ങൾ മികവ് തെളിയിക്കുന്നതായിരുന്നു. പാലക്കാടു നിന്നെത്തിയ ആറാം ക്ലാസുകാരൻ ഹാരിസിന് രണ്ടരയടി പൊക്കമേ ഉള്ളൂവെങ്കിലും തന്‍റെ ടീമിന്‍റെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് ശ്രദ്ധ നേടാനായി. ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ഇഷ്‌ടപെടുന്ന ഹാരിസിന് ഫുട്ബോളിൽ മികച്ച പരിശീലനം നേടി മുന്നോട്ട് പോകാനാണ് ആഗ്രഹം. വരും വർഷങ്ങളിലും കായികമേളയിൽ തങ്ങളെ കൂടി ചേർത്തു പിടിക്കുമെന്ന പ്രതീക്ഷയിലാണ് പരിഗണനയർഹിക്കുന്ന താരങ്ങൾ കൊച്ചിയിൽ നിന്നും മടങ്ങിയത്.
Aldo Read: സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള