വിശാഖപട്ടണം: ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുണ്ടെങ്കിലും ഇന്ത്യന്‍ കുപ്പായം അണിയാന്‍ മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന് (Sarfaraz Khan) ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ( India vs England 2nd Test ) ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സര്‍ഫറാസ് ഖാന് ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രജിത് പടിദാറിനാണ് മാനേജ്‌മെന്‍റ് അവസരം നല്‍കിയത്. ഇതില്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍.
സര്‍ഫറാസിനെ പുറത്തിരുത്തുന്നത് ബിസിസിഐയുടെ (BCCI) എന്ത് തരത്തിലുള്ള രാഷ്‌ട്രീയമാണെന്ന് മനസിലാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതേവരെ കളിച്ച 45 മത്സരങ്ങളില്‍ നിന്നായി 69.85 ശരാശരിയിൽ 3912 റൺസ് നേടിയ താരമാണ് സർഫറാസ് ഖാന്‍. 14 സെഞ്ചുറികളും 11 അർധ സെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.
അടുത്തിടെ ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്‌ക്കായി മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ഒരു സെഞ്ചുറി ഉള്‍പ്പെടെ 220 റൺസ് നേടിയ 26-കാരന്‍ തിളങ്ങിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി 10 വര്‍ഷത്തിന് ശേഷമാണ് സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളിയെത്തിയത്. എന്നാല്‍ കളത്തിലിറങ്ങാന്‍ അവസരം നല്‍കാതിരിക്കുന്ന മാനേജ്‌മെന്‍റ് നടപടി കടുത്ത അനീതിയാണെന്നാണ് ആരാധകരുടെ വാദം.
താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ വിശദീകരണം വേണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് വിശാഖപട്ടണത്ത് ആതിഥേയര്‍ ഇറങ്ങിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, എന്നിവര്‍ പുറത്തായപ്പോള്‍ രജത് പടിദാര്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്.
രണ്ട് മാറ്റങ്ങളുമായി വ്യാഴാഴ്‌ച തന്നെ ഇംഗ്ലണ്ട് തങ്ങളുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. പേസര്‍ മാര്‍ക്ക് വുഡിന് പകരം വെറ്ററന്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണാണ് ടീമിലെത്തിയത്. ജാക്ക് ലീച്ചിന് പകരക്കാരനായി ഷൊയ്ബ് ബഷീറിനും അരങ്ങേറ്റത്തിന് അവസരം ലഭിച്ചു.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 1-0ന് മുന്നിലാണ്. ഇതോടെ വിശാഖപട്ടണത്ത് കളി പിടിച്ച് പരമ്പരയില്‍ ഒപ്പമെത്താനുറച്ചാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.
ALSO READ: വിരാട് കോലി വിദേശത്ത് ? ; ടെസ്റ്റ് പരമ്പരയിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യ (പ്ലേയിങ് ഇലവന്‍): യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്.
ഇംഗ്ലണ്ട് (പ്ലേയിങ് ഇലവന്‍): സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.