ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് ബിസിസിഐ സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പറായി സഞ്‌ജു സാംസണ്‍ ഇടം നേടിയത് മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്.
എസ് ശ്രീശാന്തിന് ശേഷം ഇന്ത്യയ്‌ക്കായി ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്‌ജു. 2007-ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ശ്രീശാന്ത് ഇന്ത്യയ്‌ക്കായി കളിച്ചത്. ദക്ഷിണാഫ്രിക്ക ആതിഥേയരായ ടൂര്‍ണമെന്‍റില്‍ കിരീടം തൂക്കിയായിരുന്നു അന്ന് ഇന്ത്യ തിരികെ പറന്നത്.
'ശ്രീശാന്ത് ടേക്‌സ് ഇറ്റ്, ഇന്ത്യ വിന്‍': വിജയത്തില്‍ മലയാളി പേസര്‍ എസ് ശ്രീശാന്തിന്‍റെ പ്രകടനം ഏറെ നിര്‍ണായകമായി. ചിരവൈരികളായ പാകിസ്ഥാനെതിരായ ഫൈനലില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു. ജൊഹന്നസ്‌ബര്‍ഗില്‍ കലാശപ്പോരിന് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനുറച്ച് കൂടിയായിരുന്നു ഇന്ത്യയ്‌ക്ക് എതിരെ പാകിസ്ഥാന്‍ ഇറങ്ങിയത്.
പരിക്കേറ്റ വിരേന്ദര്‍ സെവാഗിന്‍റെ അഭാവം ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സായിരുന്നു നേടാന്‍ കഴിഞ്ഞത്. 54 പന്തില്‍ 75 റണ്‍സുമായി ഗൗതം ഗംഭീറായിരുന്നു ടോപ് സ്‌കോറര്‍. 16 പന്തില്‍ പുറത്താവാതെ 30 റണ്‍സടിച്ച രോഹിത് ശര്‍മയും തിളങ്ങി.
ലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്ഥാനായി മിസ്‌ബാ ഉള്‍ ഹഖ് നിലയുറപ്പിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ പത്താം വിക്കറ്റായി മിസ്‌ബ മടങ്ങിയതോടെ പാകിസ്ഥാന്‍റെ പോരാട്ടം അവസാനിച്ചു. ജൊഗീന്ദര്‍ ശര്‍മ എറിഞ്ഞ അവസാന ഓവറിന്‍റെ മൂന്നാം പന്തില്‍ സ്‌കൂപ്പിന് ശ്രമിച്ചായിരുന്നു മിസ്‌ബ ശ്രീശാന്തിന്‍റെ കയ്യില്‍ അവസാനിച്ചത്. അന്ന് കമന്‍ററി ബോക്‌സിലുയര്‍ന്ന 'ഇന്‍ ദി എയര്‍, ശ്രീശാന്ത് ടേക്‌സ് ഇറ്റ്, ഇന്ത്യ വിന്‍' എന്ന ആരവം ഇന്നും ഓരോ ക്രിക്കറ്റ് പ്രേമിയുടേയും രോമാഞ്ചമാണ്.
പിന്നീടൊരിക്കലും ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയ്‌ക്ക് എത്താനായിട്ടില്ല. 2013-ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടവും ഇന്ത്യയ്‌ക്ക് കിട്ടാക്കനിയാണ്. വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഏറെ നീണ്ട കാത്തിരിപ്പ് അവസാനിക്കാനാണ് രോഹിത് ശര്‍മയുടെ സംഘത്തില്‍ സഞ്‌ജു സാംസണും ഇറങ്ങുന്നത്.
ഇനി സഞ്‌ജുവിന്‍റെ ഊഴം: 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് 29-കാരനായ സഞ്‌ജു ഇന്ത്യയ്‌ക്കായി ടി20 അരങ്ങേറ്റം നടത്തുന്നത്. അകത്തും പുറത്തുമായിരുന്ന താരത്തിന് ടീമില്‍ സ്ഥിരക്കാരനാവാന്‍ കഴിഞ്ഞിരുന്നില്ല. നീലപ്പടയ്‌ക്കായി ഇതുവരെ 25 മത്സരങ്ങളിൽ നിന്നായി 374 റൺസാണ് സമ്പാദ്യം.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുമ്പോളും ഐസിസിയുടെ ഒരു പരമ്പരയിലും സഞ്‌ജുവിനെ കളിപ്പിച്ചിരുന്നില്ല. സ്ഥിരതയില്ലാത്ത താരമെന്നായിരുന്നു വിമര്‍ശകരുടെ വാദം. എന്നാല്‍ നിലവില്‍ പുരോഗമിക്കുന്ന ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തി വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ് താരം. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റൺസാണ് നേടിയിട്ടുള്ളത്. 82 ശരാശരിയില്‍ 161 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്‌ജുവിന്‍റെ പ്രകടനം.
ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്- അമേരിക്ക എന്നിവിടങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനങ്ങളുമായി സഞ്‌ജുവിന് തിളങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. അന്ന് ശ്രീശാന്തായിരുന്നു മലയാളികളുടെ അഭിമാനമായത്. ഇനി സഞ്‌ജുവിന്‍റെ ഊഴമാണ്...