മുംബൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണ് ഇടം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലാണ് സഞ്‌ജു കളിക്കുന്നത്. എന്നാല്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്ഥാനമുറപ്പിച്ചുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി സഞ്‌ജുവും കെഎല്‍ രാഹുലും തമ്മില്‍ കടുത്ത മത്സരമുണ്ട്. പക്ഷെ രാഹുലിന്‍റെ അനുഭവ സമ്പത്ത് മാനേജ്‌മെന്‍റ് പരിഗണിച്ചേക്കും എന്നുമായിരുന്നു വിവരം. ഇതോടെ സഞ്‌ജുവിന് ലോകകപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന വിവരം ആരാധകരെ കടുത്ത നിരാശരാക്കിയിരുന്നു.
എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഈ നിരാശമാറ്റി ആരാധകരെ സന്തോഷത്തില്‍ ആറാടിക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് സെലക്ഷൻ കമ്മിറ്റി നല്‍കിയേക്കുമെന്നാണ് വിവരം. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഇതോടെ ഫോമിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് രണ്ടാം വിക്കറ്റ് കീപ്പറായേക്കും. തല്‍സ്ഥാനത്തേക്ക് കെഎല്‍ രാഹുലിനെ പരിഗണിക്കുകയാണെങ്കില്‍ പന്തിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാനും സാധ്യതയില്ല. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഓപ്പണറായാണ് രാഹുല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്.
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുമ്പോള്‍ രോഹിത് ശർമ, യശസ്വി ജയ്‌സ്വാള്‍ , വിരാട് കോലി, ശുഭ്‌മാൻ ഗിൽ എന്നിവർ ഓപ്പണര്‍മാരായുണ്ട്. ഇതോടെ രാഹുല്‍ രണ്ടാം വിക്കറ്റ് കീപ്പറാവുന്നത് സംശയമാണ്. നേരത്തെ ജിതേഷ് ശര്‍മയെ പോലുള്ള താരങ്ങള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായ പ്രകടനം നടത്താന്‍ ജിതേഷിന് കഴിഞ്ഞിട്ടില്ല.
ALSO READ: ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് : രോഹിത്തിനെ കുഴക്കുന്ന 4 കാര്യങ്ങള്‍ - T20 WC India Squad
ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സഞ്‌ജു നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് മലയാളി താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 161 സ്‌ട്രൈക്ക് റേറ്റില്‍ 77 ശരാശരിയിലാണ് സഞ്‌ജുവിന്‍റെ പ്രകടനം. അതേസയമം ടി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തീയതി മെയ് ഒന്നാണ്. അന്ന് ഇന്ത്യന്‍ സ്‌ക്വാഡും ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിക്കും. ജൂണില്‍ അമേരിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്.