മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals) ക്യാപ്റ്റനാണെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിരക്കാരനാവാന്‍ മലയാളി താരം സഞ്‌ജു സാംസണിന് (Sanju Samson) കഴിഞ്ഞിട്ടില്ല. ആദ്യ പന്തില്‍ തന്നെ ആക്രമണത്തിന് മുതിര്‍ന്ന് പലപ്പോഴും പരാജയപ്പെടുന്ന സഞ്‌ജുവിന്‍റെ പ്രധാനപ്രശ്‌നം സ്ഥിരതയില്ലായ്‌മ ആണെന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്. കണ്ണും പൂട്ടി അടിക്കാതെ നിലയുറപ്പിച്ച് കളിക്കാനാണ് താരം ശ്രമിക്കേണ്ടതെന്ന ഉപദേശവും ഇക്കൂട്ടര്‍ നല്‍കാറുണ്ട്.
എന്നാല്‍ തന്‍റെ ശൈലിയില്‍ തെല്ലിട മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് വീണ്ടുമൊരിക്കല്‍ കൂടി അടിയുറച്ച് പറഞ്ഞിരിക്കുകയാണ് 29-കാരന്‍. ഒരു സിക്‌സറടിക്കാന്‍ 10 പന്തുകള്‍ കാത്തിരിക്കേണ്ടതില്ല. അടിക്കേണ്ട പന്ത് ലഭിച്ചാല്‍ അത് ആദ്യത്തേയൊ അവസാനത്തേയോ എന്ന് നോക്കാതെ അതിര്‍ത്തി കടത്താന്‍ ശ്രമിക്കുമെന്നാണ് സഞ്‌ജു സാംസണ്‍ പറയുന്നത്.
"എന്‍റേതായ ശൈലിയില്‍ എപ്പോഴും ബാറ്റ് ചെയ്യാനാണ് ഞാന്‍ ഇഷ്‌ടപ്പെടുന്നത്. ക്രീസിലെത്തുമ്പോള്‍ ആദ്യത്തെ പന്താണോ അല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. സിക്സ് അടിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. ആ സമീപനത്തില്‍ ഇത്തവണയും യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായി എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഒരു സിക്സ് അടിക്കാന്‍ എന്തിനാണ് നമ്മള്‍ 10 പന്തുകളൊക്കെ കാത്തിരിക്കുന്നത്. ഈ ചിന്തയാണ് എന്‍റെ പവര്‍ ഹിറ്റിങ്ങിന് പിന്നിലെ കാരണം" - സഞ്‌ജു പറഞ്ഞു.
കൊവിഡ് കാലത്ത് നടത്തിയ കഠിന പരിശീലനങ്ങള്‍ ഏറെ ഗുണം ചെയ്‌തു. അതിനായി ഏറെ ആളുകള്‍ സഹായിച്ചു. കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്നാല്‍ ഇതിലൊന്നും സംതൃപ്‌തനല്ല. കളിക്കുന്ന ടീമിനായി ഗംഭീരമായ എന്തെങ്കിലും ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.
കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്ത് നിന്നും വരുന്ന തനിക്ക് ലോക ക്രിക്കറ്റില്‍ ഒന്നാം നമ്പറായ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്‌താല്‍ മാത്രമേ കഴിയൂവെന്നും സഞ്‌ജു കൂട്ടിച്ചേര്‍ത്തു. അതേസമയം ഐപിഎല്ലിന്‍റെ 17-ാം പതിപ്പിനായി (IPL 2024) തന്‍റെ കഴിവുകള്‍ ഒരിക്കല്‍ കൂടി തേച്ചുമിനുക്കുന്ന തിരക്കിലാണ് നിലവില്‍ സഞ്‌ജുവുള്ളത്. ടൂര്‍ണമെന്‍റില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അവകാശവാദം ഉന്നിയിക്കാന്‍ താരത്തിന് കഴിയും.
ALSO READ: വലിയ നാണക്കേട്; ദയവായി.. ആ പേര് വിളിക്കരുത്, ആരാധകരോട് വിരാട് കോലി
രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ് : സഞ്ജു സാംസൺ (ക്യാപ്റ്റന്‍), ജോസ് ബട്‌ലർ, ആര്‍ അശ്വിൻ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഡൊനോവൻ ഫെരേര, ഷിമ്രോണ്‍ ഹെറ്റ്‌മെയർ, യുസ്‌വേന്ദ്ര ചാഹൽ, യശസ്വി ജയ്‌സ്വാൾ, കുനാൽ റാത്തോഡ്,കുൽദീപ് സെൻ, നവ്ദീപ് സൈനി, പ്രസിദ്ധ് കൃഷ്‌ണ, സന്ദീപ് ശർമ, ട്രെന്‍റ് ബോൾട്ട്, ആദം സാംപ , അവേഷ് ഖാൻ, റോവ്മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ കാഡ്‌മോർ, ആബിദ് മുഷ്‌താഖ്, നാന്ദ്രെ ബർഗർ.