ന്യൂഡൽഹി: 2024-ലെ പാരീസ് ഒളിമ്പിക്‌സിലേക്ക് ഗുസ്‌തി താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ട്രയൽസ് നടത്തില്ലെന്ന് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് സഞ്ജയ് സിങ്. ഗുസ്‌തി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഒളിമ്പിക് ക്വാട്ട നേടിയ താരങ്ങള്‍ പാരീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നും ഡബ്ല്യുഎഫ്ഐ പ്രസിഡന്‍റ് വ്യക്തമാക്കി.
ഒളിമ്പിക്‌സിനായി ഗുസ്‌തി താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് ട്രയൽ നടത്തുമെന്ന് നേരത്തെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ട്രയൽസിന്‍റെ തീയതിയും സ്ഥലവും ഫോർമാറ്റും പുറത്തുവിടാൻ ഡബ്ല്യുഎഫ്ഐ, സെന്‍റർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) എന്നിവരോട് ആവശ്യപ്പെട്ട് ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്
എന്നാല്‍, അടുത്തിടെ നടന്ന യോഗ്യത മത്സരങ്ങളിൽ ഒളിമ്പിക് ക്വാട്ട ഉറപ്പിച്ച രണ്ട് വനിതാ ഗുസ്‌തിക്കാരായ നിഷയും റീതികയും ട്രയൽസ് നടത്തരുതെന്ന് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഒളിമ്പിക്‌സിന് തയ്യാറാവുന്നതിനുള്ള സമയക്കുറവും പരിക്ക് പറ്റാനുള്ള സാഹചര്യവും ശരീരഭാരം കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകത തുടങ്ങിയവ കണക്കിലെടുത്ത് ട്രയല്‍സ് നടത്തരുതെന്നായിരുന്നു ഇവരുടെ ആവശ്യം.
അതേസമയം ട്രയൽസ് കമ്മിറ്റിയുടെ യോഗം നടന്നതായും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും പുരുഷ-വനിതാ ടീമുകളുടെ പരിശീലകരും പങ്കെടുത്തതായും സഞ്ജയ് സിങ് പറഞ്ഞു. ക്വാട്ട ലഭിക്കുന്നവർ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് യോഗത്തില്‍ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുത്തു. ഇത് കളിക്കാർക്ക് ഏറെ ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.
'കളിക്കാർക്ക് ഇപ്പോൾ ആശ്വാസം തോന്നും, അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. വിദേശത്ത് മികച്ച പരിശീലന സൗകര്യങ്ങൾ നൽകി പരിശീലകരുമായി കൂടിയാലോചിച്ച് അവരെ സഹായിക്കും'- അദ്ദേഹം പറഞ്ഞു.
തീരുമാനം സ്വാഗതാര്‍ഹം: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ പറഞ്ഞു. ഒളിമ്പിക് ക്വാട്ട ജേതാക്കളെ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അയച്ചത് മുൻകാലങ്ങളിലും സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുസ്‌തിയില്‍ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ വിഭാഗത്തില്‍ അമൻ സെഹ്‌രാവതായിരുന്നു പാരീസില്‍ ഒളിമ്പിക്‌സ് ബെര്‍ത്ത് നേടിയ ആദ്യ ഇന്ത്യന്‍ താരം. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലേക്കാണ് താരം യോഗ്യത നേടിയത്. പിന്നാലെ വനിതകളുടെ 68 കിലോഗ്രാം വിഭാഗത്തിൽ നിഷ ദഹിയും യോദ്യത നേടി.
2023ലെ ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ആന്‍റിം പങ്കല്‍ (53 കിലോഗ്രാം) ഇന്ത്യയുടെ ആദ്യ ക്വാട്ട നേടിയപ്പോൾ വിനേഷ് ഫോഗട്ട് (50 കിലോഗ്രാം), അൻഷു മാലിക് (57 കിലോഗ്രാം), റീതിക ഹൂഡ (76 കിലോഗ്രാം) എന്നിവർ കഴിഞ്ഞ മാസം ബിഷ്‌കെക്കിൽ നടന്ന ഏഷ്യൻ യോഗ്യത മത്സരങ്ങളിലും ക്വാട്ട ഉറപ്പിച്ചിരുന്നു.
അതേസമയം ഗ്രീക്കോ-റോമൻ ഗുസ്‌തിയിൽ ഇന്ത്യക്ക് ക്വാട്ട ഉറപ്പാക്കാനായില്ല. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ സുനിൽ കുമാർ, പുരുഷന്മാരുടെ 87 കിലോഗ്രാം റിപ്പച്ചേജ് റൗണ്ടിൽ പുറത്തായിരുന്നു.
ടോക്കിയോ ഒളിമ്പിക്‌സിൽ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവായ രവികുമാർ ദഹിയയ്ക്കും യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനായില്ല. 2020 ഒളിമ്പിക്‌സിൽ അഞ്ചാം സ്ഥാനം നേടിയ ദീപക് പുനിയക്ക് രാജ്യത്തിനായി ക്വാട്ട നേടാനായില്ല.