രാജ്‌കോട്ട് : ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പൻ ഫോമിലുള്ള ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിന് (Yashasvi Jaiswal) പ്രശംസയുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar). ഒരു 'സ്പെഷ്യല്‍ പ്ലെയര്‍' ആകാന്‍ വേണ്ട എല്ലാ ചേരുവകളും ജയ്‌സ്വാളിന് ഉണ്ടെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ (India vs England 3rd Test) രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് മുന്‍ താരത്തിന്‍റെ പ്രതികരണം.
'അവന്‍ ബാറ്റിങ് ആരംഭിച്ച രീതി കണ്ടപ്പോള്‍ ആദ്യം ഞാന്‍ ആശ്ചര്യപ്പെട്ടു. സാധാരണയായി ആക്രമിച്ച് കളിക്കുന്ന അവന്‍ ഇവിടെ പ്രതിരോധത്തിലേക്കിറങ്ങി കളിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നത് പോലെ എനിക്ക് തോന്നി. എന്നാല്‍, പതിയെ അവൻ ട്രാക്കിലേക്ക് കയറി.
ടെസ്റ്റ് മോഡില്‍ നിന്നും ടി20 മോഡിലേക്കുള്ള അവന്‍റെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആദ്യത്തെ 50 പന്തിന് ശേഷം ടി20യ്‌ക്ക് അനുയോജ്യമായ സ്ട്രൈക്ക് റേറ്റിലായിരുന്നു അവന്‍ ബാറ്റ് വീശിയത്.
ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ പ്രതിരോധത്തില്‍ തനിക്കുള്ള സാങ്കേതിക മികവ് കാണിക്കാന്‍ ജയ്‌സ്വാളിനായി. അതിന് ശേഷമുള്ള ബാറ്റിങ്ങാണ് അവനെ സ്പെഷ്യലാക്കുന്നത്. സ്വീപ്പ്, റിവേഴ്‌സ് സ്വീപ്പ്, സ്വിച്ച് സൈഡ് സ്വീപ്പ് കൂടാതെ ഡ്രൈവ് ഷോട്ടുകളും മനോഹരമായാണ് അവന്‍ കളിക്കുന്നത്. പവര്‍ ഗെയിം കളിക്കാനുള്ള കഴിവും അവനുണ്ട്' - ഇഎസ്‌പിഎൻ ക്രിക്ഇൻഫോയോട് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു (Sanjay Manjrekar On Yashasvi Jaiswal).
ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാമത്തെ സെഞ്ച്വറിയാണ് ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ താരം 133 പന്തില്‍ 104 റണ്‍സ് നേടി റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു. മത്സരത്തില്‍ നിന്നും പിന്മാറുന്നതിന് മുന്‍പായി ശുഭ്‌മാന്‍ ഗില്ലിനൊപ്പം 161 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കാനും 22കാരനായ താരത്തിനായി. പേശിവലിവിനെ തുടര്‍ന്ന് ഇന്ത്യൻ ഇന്നിങ്‌സിന്‍റെ 44-ാം ഓവറിലായിരുന്നു ജയ്‌സ്വാള്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്.
Also Read : വമ്പൻ ലീഡിലേയ്‌ക്ക് കുതിയ്‌ക്കുന്ന ഇന്ത്യ, മെരുക്കിയെടുക്കാൻ ഇംഗ്ലണ്ട്; രാജ്‌കോട്ടില്‍ ഇന്ന് നാലാം ദിനം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉടനീളം മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കാൻ യശസ്വി ജയ്‌സ്വാളിനായിരുന്നു. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ 74 പന്തില്‍ 80 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 209 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.