മുംബൈ: റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായെത്തിയ താരമാണ് കെഎസ് ഭരത് (KS Bharat). എന്നാല്‍ കാര്യമായ പ്രകടനം ഒന്നും തന്നെ ഇതേവരെ നടത്താന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ നാഗ്പൂരിൽ തന്‍റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതിനുശേഷം കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 20.09 ശരാശരിയിൽ 221 റൺസ് മാത്രമാണ് ഭരത് നേടിയത്.
ഒരു അര്‍ധ സെഞ്ചുറി പോലും കണ്ടെത്താന്‍ 30-കാരന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ (India vs England) ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും ഭരത്തിനെ സെലക്‌ടര്‍മാര്‍ നിലനിര്‍ത്തിയിരുന്നു. ഇപ്പോഴിതാ സെലക്‌ടര്‍മാരുടെ പ്രസ്‌തുത തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar).
ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് ഭരത്തിന് പകരം മറ്റൊരു താരത്തിനെ കണ്ടെത്തണമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞുവയ്‌ക്കുന്നത്. "എപ്പോള്‍ നോക്കിയാലും ഭരത് തന്‍റെ ആദ്യ പരമ്പരയാണ് കളിക്കുന്നതെന്ന് തോന്നും. എന്നാല്‍ അവന്‍ ഇതിനകം കുറച്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് ടെസ്റ്റുകളും അവന്‍ കളിച്ച മത്സരങ്ങളുടെ കൂട്ടത്തിലുണ്ട്.
റിഷഭ് പന്ത് ഏപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും. അതിനാൽ, കെഎസ് ഭരത്തിനെ ഇനിയും പിന്തുണയ്‌ക്കുന്നതില്‍ എന്തെങ്കിലും അർത്ഥമുണ്ടോയെന്ന് എനിക്ക് അറിയില്ല. 20 വയസല്ല അവന്‍റെ പ്രായം.
ഇന്ത്യ ഭരത്തിന് പകരക്കാരനെ നോക്കേണ്ടതുണ്ട്. ഓരോ വ്യക്തിയോടും നീതി പുലർത്തുന്നതിലാണ് ഈ ടീം മാനേജ്‌മെന്‍റ് വിശ്വസിക്കുന്നത്. എന്നാല്‍ വക്തിപരമായി പറയുകയാണെങ്കില്‍, പന്ത് തിരിച്ചെത്തി തന്‍റെ സ്ഥാനം സ്വന്തമാക്കുന്നതിന് മുമ്പ് മറ്റൊരു താരത്തെ പരീക്ഷിക്കാന്‍ ഞാന്‍ തയ്യാറാവും" - സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ബാറ്റുകൊണ്ടും മുതല്‍ക്കൂട്ടാവുന്ന വിക്കറ്റ് കീപ്പര്‍മാരെയാണ് ഇന്ത്യയ്‌ക്ക് വേണ്ടത്. ഭരത്തിന്‍റെ വിക്കറ്റ് കീപ്പിങ് അത്ര മികച്ചതാണോയെന്ന് നോക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം വിക്കറ്റ് കീപ്പറായി യുവ താരം ധ്രുവ് ജൂറെലിനെയും ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വഡിലേക്ക് ചേര്‍ത്തിട്ടുണ്ട്. രാജ്‌കോട്ടില്‍ ഫെബ്രുവരി 15-ാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.
ഇന്ത്യ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്. (India Squad For Last 3 Test Against England).
ALSO READ: ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; തിരിച്ചുവരവ് പ്രഖ്യാപിച്ച് കെഎല്‍ രാഹുല്‍