ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗില്‍ (Women's Premier League 2024) ജയത്തോടെ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians). രണ്ടാം പതിപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) കീഴടക്കിയായിരുന്നു മുംബൈ ജയമാഘോഷിച്ചത്. മത്സരത്തിലെ അവസാന പന്ത് സിക്‌സര്‍ പറത്തി മലയാളി താരം സജന സജീവൻ (Sajana Sajeevan) മുംബൈയുടെ സൂപ്പര്‍ ഹീറോ ആകുകയായിരുന്നു (Mumbai Indians vs Delhi Capitals WPL 2024).
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സജന താൻ നേരിട്ട ആദ്യ പന്താണ് അതിര്‍ത്തി കടത്തി മുംബൈ ഇന്ത്യൻസിന് ആവേശജയം സമ്മാനിച്ചത്. 172 റണ്‍സായിരുന്നു മത്സരത്തില്‍ മുംബൈയുടെ വിജയലക്ഷ്യം. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഹെയ്‌ലി മാത്യൂസിനെ നഷ്‌ടപ്പെട്ടെങ്കിലും പിന്നീട് പതിയെ കളിയിലേക്ക് തിരികെയെത്താൻ അവര്‍ക്കായി.
യാസ്‌തിക ഭാട്ടിയ (Yastika Bhatia), ഹര്‍മൻപ്രീത് കൗര്‍ (Harmanpreet Kaur) എന്നിവരുടെ അര്‍ധസെഞ്ച്വറികളായിരുന്നു മുംബൈയുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. 45 പന്ത് നേരിട്ട് 57 റണ്‍സ് നേടിയ യാസ്‌തികയെ മത്സരത്തിന്‍റെ 14-ാം ഓവറില്‍ സ്കോര്‍ 106ല്‍ നില്‍ക്കെ നഷ്‌ടപ്പെട്ടു. പിന്നീട്, ഹര്‍മനും അമേലിയ കെറും ചേര്‍ന്നായിരുന്നു അവരുടെ സ്കോര്‍ ഉയര്‍ത്തിയത്.
18 പന്തില്‍ 24 റണ്‍സ് നേടിയ അമേലിയ കെര്‍ 18-ാം ഓവറില്‍ മടങ്ങി. പിന്നാലെ, 20-ാം ഓവറിലെ അഞ്ചാം പന്തില്‍ ഹര്‍മനെയും മുംബൈയ്‌ക്ക് നഷ്‌ടമായി. 34 പന്തില്‍ 55 റണ്‍സായിരുന്നു മുംബൈ ക്യാപ്‌റ്റന്‍റെ സമ്പാദ്യം. അതിന് മുന്‍പ് അവസാന ഓവറിലെ ആദ്യ പന്തില്‍ പൂജ വസ്‌ത്രകാറിനെയും മുംബൈയ്‌ക്ക് നഷ്‌ടപ്പെട്ടിരുന്നു.
ഹര്‍മൻ പുറത്താകുമ്പോള്‍ ഒരു പന്ത് ശേഷിക്കെ അഞ്ച് റണ്‍സായിരുന്നു മുംബൈയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പിന്നാലെ, എട്ടാം നമ്പറില്‍ ക്രീസിലെത്തിയ സജന യാതൊരു സമ്മര്‍ദവുമില്ലതെ നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി മുംബൈയ്‌ക്ക് ആവേശ ജയമൊരുക്കുകയായിരുന്നു. രണ്ട് വിക്കറ്റെടുത്ത അലീസ് കാപ്‌സിയെ ആയിരുന്നു സജന അടിച്ചുപറത്തിയത് (Sajana Sajeevan Last Ball Sixer In WPL 2024).
വയനാട് മാനന്തവാടിയില്‍ നിന്നുള്ള താരമാണ് സജന സജീവൻ. ഇന്ത്യൻ എ ടീം അംഗമായ 29കാരിയായ താരം ഇതുവരെയും സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല.
Read More : 'സൂപ്പര്‍ സജന',അവസാന പന്തില്‍ മലയാളി താരത്തിന്‍റെ 'സിക്‌സര്‍'; വനിത പ്രീമിയര്‍ ലീഗില്‍ ജയിച്ച് തുടങ്ങി മുംബൈ