ശ്രീനഗര്‍ : ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന കശ്‌മീരിലേക്കുള്ള യാത്രയില്‍ റോഡരികില്‍ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍. ഭാര്യ അഞ്ജലി, മകള്‍ സാറ എന്നിവര്‍ക്കൊപ്പം കശ്‌മീരില്‍ എത്തിയപ്പോഴാണ് മുൻ താരം തെരുവില്‍ ആരാധകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. സച്ചിൻ തന്നെ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 'ക്രിക്കറ്റും കാശ്‌മീരും ; സ്വര്‍ഗത്തിലെ ഒരു മത്സരം' എന്ന അടിക്കുറിപ്പില്‍ പുറത്തുവിട്ട ദൃശ്യം വൈറലാണ്.
ലോഫ്റ്റഡ് സ്ട്രെയിറ്റ് ഡ്രൈവും, ഡൗണ്‍ ദി ലെഗ് ഫ്ലിക്ക് ഷോട്ടും സച്ചിൻ കളിക്കുന്നത് വീഡിയോയില്‍ കാണാം. അവസാനം ബൗളറോട് തന്നെ പുറത്താക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ ബാറ്റ് തിരിച്ചുപിടിച്ച് താരം പന്ത് നേരിടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മു കശ്‌മീരിലാണ് സച്ചിൻ ടെണ്ടുല്‍ക്കര്‍ ഉള്ളത്. ബുധനാഴ്‌ച (ഫെബ്രുവരി 21) ഉറി സെക്‌ടറിലെ നിയന്ത്രണ രേഖയിലെ അവസാന പോയിന്‍റായ അമൻ സേഥു പാലത്തിലും സച്ചിൻ സന്ദര്‍ശനം നടത്തി. അവിടെ ഒരു മണിക്കൂറോളം സമയം ചെലവഴിച്ച സച്ചിൻ സൈനികരുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്.
Also Read : സച്ചിന്‍ കശ്‌മീരില്‍; പുൽവാമയിലെ ബാറ്റ് ഫാക്‌ടറിയില്‍ അപ്രതീക്ഷിത സന്ദർശനം
നേരത്തെ, ചുർസൂവിലുള്ള ക്രിക്കറ്റ് ബാറ്റ് നിർമാണ യൂണിറ്റിലും മുൻ താരം സന്ദര്‍ശനം നടത്തി. അവിടെ ബാറ്റുകളുടെ നിര്‍മാണം സൂക്ഷ്‌മമായി നിരീക്ഷിച്ച് അവയുടെ ഗുണനിലവാരവും താരം പരിശോധിച്ചു. പിന്നീട്, പഹൽഗാം വിനോദസഞ്ചാര കേന്ദ്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.