കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ടി20യില്‍ നിന്നും വിരമിച്ച ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിന് ഇറങ്ങുന്നതിന് മുന്നോടിയായി പുതിയ പരിശീലകൻ ഗൗതം ഗംഭീറിനുമൊപ്പമുള്ള ഇന്ത്യൻ ടീമിന്‍റെ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് നായകൻ രോഹിത് ശര്‍മ. ബിസിസിഐ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യങ്ങളെ കുറിച്ച് രോഹിത് ശര്‍മ സംസാരിക്കുന്നത്. ഗംഭീറുമായുള്ള കൂട്ടുകെട്ടിനായി താൻ കാത്തിരിക്കുകയാണെന്നും വീഡിയോയില്‍ രോഹിത് പറയുന്നു. ബിസിസിഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇന്ത്യൻ നായകന്‍റെ പ്രതികരണം ഇങ്ങനെ...
'പുതിയ പരിശീലകന് കീഴില്‍ പുതിയ രൂപത്തില്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള സമയം ആയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിനെ പരമപ്രധാനമായി നിലനിര്‍ത്താൻ പോകുന്ന ഒരു കൂട്ടുകെട്ടായിരിക്കും ഇത്. എല്ലാം ആദ്യം മുതല്‍ക്ക് തുടങ്ങാനുള്ള സമയം. പുതിയതും ഏവര്‍ക്കും പരിചയമുള്ളതുമായ മുഖങ്ങളുമായി ഞങ്ങള്‍ വീണ്ടും കളിക്കാനിറങ്ങുന്നു'- രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു.
𝙏𝙝𝙞𝙨 𝙞𝙨 𝙮𝙤𝙪𝙧 𝘾𝙖𝙥𝙩𝙖𝙞𝙣 𝙍𝙤𝙝𝙞𝙩 𝙎𝙝𝙖𝙧𝙢𝙖 𝙨𝙥𝙚𝙖𝙠𝙞𝙣𝙜!🎙️ 🫡#TeamIndia | #SLvIND | @ImRo45 pic.twitter.com/jPIAwcBrU4
— BCCI (@BCCI) August 2, 2024
ടീമിന്‍റെ പദ്ധതികളെ കുറിച്ച് ഗംഭീറുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ തന്നെ രോഹിത് വ്യക്തമാക്കിയിരുന്നതാണ്. ടീമിന് എന്താണ് വേണ്ടത്, എന്താണ് പോരായ്‌മകള്‍ എന്നതിനെ കുറിച്ചെല്ലാം ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഏങ്ങനെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാം എന്ന കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവിടെ കളിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നേടാൻ കഴിയുന്നത് എല്ലാം നേടിയെടുക്കുകയാണ് ലക്ഷ്യം എന്നുമായിരുന്നു രോഹിത് വ്യക്തമാക്കിയിരുന്നത്.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ടീമില്‍ നിന്നും വമ്പൻ അഴിച്ചുപണിയുമായാണ് ഇന്ത്യ ഏകദിന പരമ്പരയ്‌ക്കിറങ്ങുന്നത്. ടി20 പരമ്പരയില്‍ ഇന്ത്യയ്‌ക്കായി കളിച്ച പ്രധാന താരങ്ങളൊന്നും ഏകദിന മത്സരങ്ങളില്‍ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, രവി ബിഷ്‌ണോയ് എന്നിവരില്ലാതെയാണ് ഇന്ത്യൻ ടീം ഏകദിന മത്സരങ്ങള്‍ക്കായിറങ്ങുന്നത്.
ഇന്ത്യ സാധ്യത പ്ലേയിങ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്/റിയാൻ പരാഗ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷിത് റാണ.
Also Read : ഏകദിനത്തിലേക്ക് കോലിയുടെയും രോഹിത്തിന്‍റെയും തിരിച്ചുവരവ്; കൊളംബോയില്‍ ലങ്കയെ നേരിടാൻ ഇന്ത്യ