ധര്‍മ്മശാല : ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും (India vs England 5th Test) ടെസ്റ്റിനായി ധര്‍മ്മശാലയിലേക്ക് മരണമാസ് എന്‍ട്രിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). സ്വകാര്യ ഹെലികോപ്‌റ്ററില്‍ ആം ഗാർഡുകളുടെ അകമ്പടിയോടെയാണ് രോഹിത് ധര്‍മശാലയിലേക്ക് എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു പരിശീലനത്തിനായി രോഹിത് ധര്‍മ്മശാലയിലേക്ക് പറന്നിറങ്ങിയത്. ഇന്ത്യന്‍ സ്‌ക്വാഡിലെ മറ്റ് താരങ്ങളും ഇംഗ്ലണ്ട് ടീമും നേരത്തെ തന്നെ ധര്‍മശാലയിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്‌ച മുതല്‍ തന്നെ ഇവര്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിക്കുകയും ചെയ്‌തു.
മാര്‍ച്ച് ഏഴിനാണ് ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. ധര്‍മശാലയിലും മികവ് ആവര്‍ത്തിക്കാനാവും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വയ്‌ക്കുക. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ടിനെതിരെ 3-1ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്കായിട്ടുണ്ട്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് ശേഷം തുടര്‍ന്ന് കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.
ഹൈദരാബാദില്‍ അരങ്ങേറിയ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് വിജയം പിടിച്ചത്. എന്നാല്‍ വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കും വിജയം നേടി വമ്പന്‍ മറുപടിയാണ് ആതിഥേയര്‍ നല്‍കിയത്. അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് പ്രീമിയം പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) തിരികെ എത്തിയിട്ടുണ്ട്.
ALSO READ: എല്ലിസ് പെറിയുടെ 'പവര്‍' ; ചിന്നസ്വാമിയില്‍ 'തവിടുപൊടി'യായി കാറിന്‍റെ ചില്ല് : വീഡിയോ
ജോലി ഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ മാനേജ്‌മെന്‍റ് താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. കളിച്ച മൂന്ന് ടെസ്റ്റുകളില്‍ 17 വിക്കറ്റുകള്‍ വീഴ്‌ത്തിയ ബുംറ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. പരിക്കുമായി ബന്ധപ്പെട്ട് കെഎല്‍ രാഹുല്‍ (KL Rahul) മത്സരത്തില്‍ നിന്നും പുറത്തായതായി ബിസിസിഐ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ലണ്ടനില്‍ വിദഗ്‌ധ പരിശോധനകള്‍ക്ക് ശേഷം താരം നാട്ടിലേക്ക് മടങ്ങിയെത്തിയതായാണ് വിവരം. ഹൈദരാബാദ് ടെസ്റ്റിനിടെ രാഹുലിന്‍റെ തുടയ്‌ക്കായിരുന്നു പരിക്കേറ്റത്. നാലാം ടെസ്റ്റിന് മുന്നെ 90 ശതമാനം ഫിറ്റ്‌നസിലേക്ക് എത്തിയെങ്കിലും കൂടുതല്‍ സമയം അനുവദിക്കാന്‍ സെലക്‌ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ALSO READ: 'ദിസ് ഈസ് സോ...റോങ്' ; തമിഴ്‌നാട് പരിശീലകനെതിരെ ദിനേശ് കാര്‍ത്തിക്
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ദേവ്‌ദത്ത് പടിക്കൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.