സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 24 റണ്‍സിനാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ജയത്തോടെ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ എത്തുന്ന മൂന്നാമത്തെ ടീമായും ഇന്ത്യ മാറി. രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് നേരത്തെ ലോകകപ്പ് സെമിയിലെത്തിയത്.
ഓസ്‌ട്രേലിയക്കെതിരെ സെന്‍റ് ലൂസിയയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 205 റണ്‍സായിരുന്നു അടിച്ചെടുത്തത്. ക്യാപ്‌റ്റൻ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. മത്സരത്തില്‍ 41 പന്ത് നേരിട്ട രോഹിത് 92 റണ്‍സടിച്ചാണ് മടങ്ങിയത്.
എട്ട് സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യൻ നായകന്‍റെ ഇന്നിങ്‌സ്. മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ തന്നെ വിരാട് കോലിയെ നഷ്‌ടമായിട്ടും പതറാതെ ബാറ്റ് വീശിയ രോഹിത് അതിവേഗമായിരുന്നു ഇന്ത്യയ്‌ക്കായി റണ്‍സ് അടിച്ചുകൂട്ടിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ് എന്നിവരെല്ലാം മത്സരത്തില്‍ രോഹിത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.
സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെയായിരുന്നു രോഹിത് വീണത്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടാൻ സാധിക്കാതിരുന്നതില്‍ നിരാശയില്ലെന്ന് രോഹിത് മത്സരശേഷം അഭിപ്രായപ്പെട്ടു. പവര്‍പ്ലേയില്‍ ഉള്‍പ്പടെ ആക്രമിച്ച് കളിച്ച് മികച്ച സ്കോര്‍ കണ്ടെത്താനായിരുന്നു ശ്രമിച്ചതെന്നും രോഹിത് പറഞ്ഞു. രോഹിത് പറഞ്ഞതിങ്ങനെ
'സെഞ്ച്വറികളിലും അര്‍ധസെഞ്ച്വറികളിലും വലിയ കാര്യമില്ലെന്ന് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിച്ച് പരമാവധി റണ്‍സ് കണ്ടെത്തുകയാണ് വേണ്ടത്. മികച്ച ബൗളിങ് യൂണിറ്റായിരുന്നു അവരുടേത്.
മികച്ച വിക്കറ്റായിരുന്നു ഇവിടുത്തേത്. എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം അടിക്കണമെന്നതായിരുന്നു എന്‍റെ ചിന്ത. അങ്ങനെ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കി വലിയ സ്കോറുകള്‍ നേടണം. അതിനായിരുന്നു ശ്രമിച്ചത്. അതുകൊണ്ട് തന്നെ സെഞ്ച്വറി നഷ്‌ടമായതില്‍ നിരാശയില്ല.'
അതേസമയം, ഓസീസിനെ തകര്‍ത്ത ഇന്ത്യയെ സെമി ഫൈനലില്‍ കാത്തിരിക്കുന്നത് കരുത്തരായ ഇംഗ്ലണ്ടാണ്. സൂപ്പര്‍ എട്ടിലെ രണ്ടാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് അവസാന നാലില്‍ കടന്നത്. ജൂണ്‍ 27നാണ് ഈ മത്സരം.
മറുവശത്ത് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ഓസ്‌ട്രേലിയയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിട്ടുണ്ട്. സൂപ്പര്‍ എട്ടിലെ ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാൻ മത്സരത്തിന്‍റെ ഫലമായിരിക്കും ഇനി ഓസീസിന്‍റെ ഭാവി നിശ്ചയിക്കുക. ഈ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനാണ് ജയിക്കുന്നതെങ്കില്‍ ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ കാണാതെ പുറത്താകും.