റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ (India vs England 4th Test ) രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) തിരിച്ച് കയറിയത്. 81 പന്തിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സും പറത്തി 55 റൺസാണ് താരം നേടിയത്. ഹിറ്റ്‌മാന്‍റെ 17-ാം ടെസ്റ്റ് അര്‍ധ സെഞ്ചുറിയാണിത്.
പ്രകടനത്തോടെ ഫസ്റ്റ് ക്ലാസ് കരിയറില്‍ 9000 റൺസ് പിന്നിടാനും ഹിറ്റ്‌മാന് കഴിഞ്ഞു. നേരത്തെ തന്‍റെ ഇന്നിംഗ്‌സിനിടെ ടെസ്റ്റിൽ 4000 റൺസ് പിന്നിടാനും 36-കാരന് കഴിഞ്ഞിരുന്നു. ഈ നേട്ടം കൈവരിക്കുന്ന 17-ാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് രോഹിത്.
അതേസമയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യ പിന്തുടരുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ജോ റൂട്ടിന്‍റെ സെഞ്ചുറി മികവില്‍ 353 റണ്‍സ് നേടിയിരുന്നു. മറുപടിക്ക് ഇറങ്ങിയ ഇന്ത്യയെ 307 റണ്‍സില്‍ പിടിച്ചുകെട്ടി ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കാനും ഇംഗ്ലീഷ് ടീമിന് കഴിഞ്ഞു.
പ്രധാന ബാറ്റര്‍മാരില്‍ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ ഒഴികെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന്‍റെ ലീഡ് കുറച്ചത്. 149 പന്തില്‍ 90 റണ്‍സായിരുന്നു ജുറെല്‍ നേടിയത്. അവസാന വിക്കറ്റായാണ് ജുറെല്‍ മടങ്ങിയത്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ 145 റണ്‍സില്‍ കറക്കിയിട്ടു. അഞ്ച് വിക്കറ്റുകളുമായി ആര്‍ അശ്വിനും നാല് വിക്കറ്റുകളുമായി കുല്‍ദീപ് യാദവും തിളങ്ങി. 91 പന്തില്‍ 60 റണ്‍സ് നേടിയ സാക്ക് ക്രൗവ്‌ലിയായിരുന്നു ഇംഗ്ളണ്ടിന്‍റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സ് ചേര്‍ത്തതിന് ശേഷമായിരുന്നു ഇംഗ്ലണ്ട് പൊളിഞ്ഞടുങ്ങിയത്.
ALSO READ: 'ധരംശാലയില്‍ രവിചന്ദ്രൻ അശ്വിന് പുതിയ റോള്‍ നല്‍കണം' ; ആവശ്യവുമായി സുനില്‍ ഗവാസ്‌കര്‍
ഇന്ത്യ പ്ലെയിങ് ഇലവൻ : രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് (India Playing XI For 4th Test).
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ : ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജെയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍ (England Playing XI For 4th Test Against India).