ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ടീമിലേക്ക് ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചതിനെ നായകൻ രോഹിത് ശര്‍മയും ബിസിസിഐ ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറും എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. ബാഹ്യസമ്മര്‍ദങ്ങളെ തുടര്‍ന്നാണ് ഹാര്‍ദിക്കിനെ പിന്നീട് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് പുറത്തുവരുന്ന വിവരം. ഒരു ഹിന്ദി ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് കളിക്കാനിറങ്ങിയത്. എന്നാല്‍, ടീമിനും നായകനും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ നിറം മങ്ങിയതോടെ ടൂര്‍ണമെന്‍റില്‍ നിന്നും ആദ്യം പുറത്താകുന്ന ടീമായും മുംബൈ മാറിയിരുന്നു.
മുംബൈ ഇന്ത്യൻസ് നായകനായുള്ള ആദ്യ സീസണില്‍ മോശം പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യയും കാഴ്‌ചവെച്ചത്. എന്നാല്‍ പോലും താരത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തുകയും വൈസ് ക്യാപ്‌റ്റൻ സ്ഥാനം നല്‍കുകയുമാണ് ചെയ്‌തത്. ബിസിസിഐയുടെ ഈ നീക്കത്തില്‍ രോഹിത് ശര്‍മയ്‌ക്കും അജിത് അഗാര്‍ക്കറിനും താത്‌പര്യം ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതോടെ, ടി20 ലോകകപ്പിന് ശേഷം രോഹിത് ക്രിക്കറ്റിന്‍റെ കുട്ടി ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. തന്‍റെ എതിര്‍പ്പ് മറികടന്ന് ഹാര്‍ദിക്കിനെ പരിഗണിച്ചത് രോഹിത് ശര്‍മയ്‌ക്ക് അംഗീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് സൂചന.
അതേസമയം, രോഹിത് ശര്‍മയ്‌ക്ക് ശേഷം ഇന്ത്യയുടെ നായകനായി ബിസിസിഐ പരിഗണിക്കുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് ആയിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. ലോകകപ്പിന് മുന്നോടിയായി അടുത്തിടെയാണ് രോഹിത് വീണ്ടും ഇന്ത്യയുടെ ടി20 ടീമിലേക്ക് എത്തിയതും നായകസ്ഥാനം ഏറ്റെടുത്തതും.
ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്‍പ് രോഹിത് ശര്‍മയെ നീക്കി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന്‍റെ നായകനാക്കിയത് മുതല്‍ ടീമിനുള്ളില്‍ പല പ്രശ്‌നങ്ങളും ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്യാപ്‌റ്റൻസി മാറ്റത്തിലൂടെ മുംബൈ ടീമിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍