ജയ്‌പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് റിയാന്‍ പരാഗ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാന്‍ ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങവെ അപരാജിത അര്‍ധ സെഞ്ചുറിയുമായാണ് താരം പൊരുതിയത്. ഡല്‍ഹി ബോളര്‍മാരെ കടന്നാക്രമിച്ച് 45 പന്തുകളില്‍ നിന്നും പുറത്താവാതെ 84 റണ്‍സായിരുന്നു റിയാന്‍ പരാഗ് അടിച്ച് കൂട്ടിയത്.
ഏഴ് ബൗണ്ടറികളും ആറ് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. കരിയറില്‍ റിയാന്‍ പരാഗിന്‍റെ 100-ാം ടി20 മത്സരമായിരുന്നുവിത്. 22 വയസും 139 ദിവസവും പ്രായമുള്ളപ്പോഴാണ് റിയാന്‍ പരാഗ് കരിയറില്‍ 100 ടി20 മത്സരങ്ങള്‍ തികച്ചത്. ഇതോടെ 100 ടി20 മത്സരങ്ങള്‍ തികച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരനായിരിക്കുകയാണ് റിയാന്‍ പരാഗ്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണിന്‍റെ പേരിലായിരുന്നു നേരത്തെ പ്രസ്‌തുത റെക്കോഡുണ്ടായിരുന്നത്. 22 വര്‍ഷവും 157 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സഞ്‌ജു കരിയറില്‍ 100 ടി20 മത്സരങ്ങള്‍ തികച്ചത്. വാഷിങ്‌ടണ്‍ സുന്ദര്‍ (22 വര്‍ഷവും 181 ദിവസവും പ്രായം), ഇഷാന്‍ കിഷന്‍ (22 വര്‍ഷവും 273 ദിവസവും പ്രായം), റിഷഭ് പന്ത് (22 വര്‍ഷവും 361 ദിവസവും പ്രായം) എന്നിവരാണ് പിന്നിലുള്ളത്.
ആഭ്യന്തര ക്രിക്കറ്റില്‍ 16-ാം വയസില്‍ 2017 ജനുവരിയിൽ ജാർഖണ്ഡിനെതിരായ മത്സരത്തിലൂടെയാണ് റിയാൻ പരാഗ് ടി20 ക്രിക്കറ്റില്‍ തന്‍റെ അരങ്ങേറ്റം നടത്തിയത്. ഇതുവരെയുള്ള 100 മത്സരങ്ങളിൽ നിന്ന് 31.44 ശരാശരിയിൽ 2,170 റൺസാണ് നേടിയിട്ടുള്ളത്. 41 വിക്കറ്റുകളും അക്കൗണ്ടിലുണ്ട്.
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും സഞ്‌ജുവും രാജസ്ഥാനും താരത്തിലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ റെക്കോഡ് പ്രകടനം നടത്തിയാണ് 17-ാം സീസണില്‍ പിങ്ക് ജഴ്‌സി അണിയാന്‍ റിയാന്‍ പരാഗ് എത്തിയത്. അതേസമയം ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ചിന് 185 റണ്‍സായിരുന്നു നേടിയിരുന്നത്.
യശസ്വി ജയ്‌സ്വാള്‍ (5), ജോസ് ബട്‌ലര്‍ (11), സഞ്‌ജു സാംസണ്‍ എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആര്‍ അശ്വിന്‍ (29) രണ്ടാമത്തെ ടോപ് സ്‌കോററായി. മറുപടിക്ക് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ അഞ്ചിന് 173 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. സീസണില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്.