മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. തകർപ്പൻ ബാറ്റർ ഋതുരാജ് ഗെയ്‌ക്‌വാദാണ് ടീമിനെ നയിക്കുക. ദുലീപ് ട്രോഫിയിലെ കിടിലന്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു വി സാംസണ്‍ ടീമില്‍ ഇടം പിടിച്ചില്ല. ഒക്‌ടോബർ ഒന്ന് മുതൽ അഞ്ച് വരെ ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ 16 അംഗ മുംബൈ ടീമിനെ സ്റ്റാർ ബാറ്റർ അജിങ്ക്യ രഹാനെ നയിക്കും. ബിസിസിഐ റെസ്റ്റ് ഓഫ് ഇന്ത്യാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മുംബൈ ടീമിനെയും പ്രഖ്യാപിച്ചു.
അഭിമന്യു ഈശ്വര്‍ റെസ്റ്റ് ഓഫ് ഇന്ത്യ സ്ക്വാഡിന്‍റെ വൈസ് ക്യാപ്റ്റനാകും. ധ്രുവ് ജുറൽ, ഇഷാൻ കിഷൻ എന്നിവരെ വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്തു. പേസ് പ്രസീദ് കൃഷ്ണ നയിക്കും. ഒപ്പം ഖലീൽ അഹമ്മദ് ഉണ്ടാകും. സ്പിന്നർ രാഹുൽ ചഹറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, ശാർദുൽ താക്കൂർ എന്നിവരെയും മുംബൈ ടീമിൽ ഉള്‍പ്പെടുത്തി. മുഷീർ ഖാനും പൃഥ്വി ഷായുമായിരിക്കും മുംബൈയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്യുക. ഓൾറൗണ്ടർ ശിവം ദുബെ ടീമിനൊപ്പം ചേരുമെന്നും എംസിഎ അറിയിച്ചു.
റെസ്റ്റ് ഓഫ് ഇന്ത്യൻ ടീം: ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, ഇഷാൻ കിഷൻ, മാനവ് സുതാർ, സരൺഷ് ജെയിൻ, പ്രസീദ് കൃഷ്ണ, മുകേഷ് കുമാർ, യാഷ്. ദയാൽ, റിക്കി ഭുയി, ശാശ്വത് റാവത്ത്, ഖലീൽ അഹമ്മദ്, രാഹുൽ ചാഹർ.
മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ആയുഷ് മാത്രെ, മുഷീർ ഖാൻ, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, സൂര്യാൻഷ് ഷെഡ്‌ഗെ, ഹാർദിക് താമോർ, സിദ്ധാന്ത് അദ്ധാത്റാവു, ഷംസ് മുലാനി, തനുഷ് കൊട്ടിയാൻ, ഹിമാൻഷുർ സിംഗ്, ഹിമാൻഷുർ സിങ് , മോഹിത് അവസ്തി, ജുനെദ് ഖാന്‍, റോയിസ്റ്റൺ ഡയസ്.