ഹൈദരാബാദ്: 2022 ഡിസംബറിലുണ്ടായ വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് (Rishabh Pant Accident). വരാനിരിക്കുന്ന ഐപിഎല്ലിലൂടെ താരം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഐപിഎല്ലിലെ പ്രകടനത്തിലൂടെ ടി20 ലോകകപ്പ് സ്‌ക്വാഡിലും താരത്തിന് ഇടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും (Rishabh Pant Return).
ഡല്‍ഹി റൂര്‍ക്കി ഹൈവേയില്‍ 2022 ഡിസംബര്‍ 30നായിരുന്നു റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും തന്‍റെ സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് അമ്മയെ കാണാന്‍ പോകുന്നതിനിടെയാണ് പന്ത് സഞ്ചരിച്ച എസ്‌യുവി അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച വാഹനം അഗ്നിക്കിരയാകുകയും ചെയ്‌തിരുന്നു.
അന്നേ ദിവസം അതിരാവിലെയോടെയായിരുന്നു അപകടമുണ്ടായത്. അതേ പാതയില്‍ വന്ന ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചേര്‍ന്നായിരുന്നു വാഹനത്തില്‍ നിന്നും പന്തിനെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു ഈ അപകടം.
അപകടം നടന്ന് 13 മാസങ്ങള്‍ പിന്നിട്ട വേളയില്‍ ആ അപകടത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ റിഷഭ് പന്ത് (Rishabh Pant Opens Up About The Car Accident). തന്‍റെ ജീവിതം അവസാനിച്ചുവെന്ന് തോന്നിയ നിമിഷമായിരുന്നു അതെന്നാണ് പന്ത് അപകടത്തെ കുറിച്ച് പറഞ്ഞത്. സ്റ്റാര്‍ സ്പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 26കാരന്‍റെ പ്രതികരണം.
'ആദ്യമായി എന്‍റെ ജീവിതം ഈ ലോകത്ത് നിന്നും അവസാനിച്ചെന്ന് തോന്നിയ നിമിഷമായിരുന്നു അത്. അപകടത്തിന് പിന്നാലെയുണ്ടായ പരിക്കുകളെ കുറിച്ച് ഞാന്‍ ബോധവാനായിരുന്നു. അത് അത്ര ഗുരുതരമല്ലാതിരുന്നത് ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
അപകടത്തില്‍ നിന്നും ആരോ എന്നെ രക്ഷിച്ചുവെന്ന തോന്നലും എനിക്കുണ്ടായിരുന്നു. ആശുപത്രിയില്‍ വച്ച് ഈ പരിക്കില്‍ നിന്നെല്ലാം എനിക്ക് എപ്പോള്‍ മുക്തി നേടാന്‍ സാധിക്കുമെന്നാണ് ഞാന്‍ ഡോക്‌ടറോട് ചോദിച്ചത്. 16-18 മാസങ്ങള്‍ വേണ്ടി വരുമെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ഈ സമയം, കുറയ്‌ക്കുന്നതിന് വേണ്ടി കൂടുതല്‍ കഠിനപ്രയത്നം ചെയ്യേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു'- റിഷഭ് പന്ത് പറഞ്ഞു.
Also Read : "ധോണി ഫിറ്റ്, മൂന്ന് സീസൺ കൂടി കളിക്കും", ദീപക് ചഹാര്‍