ETV Bharat / sports

18 കോടി മതിയാകില്ല, പ്രതിഫലക്കാര്യത്തില്‍ റിഷഭ് പന്തിന് അതൃപ്‌തി; താരത്തെ ഒഴിവാക്കാൻ ഡല്‍ഹിയും - RISHABH PANT DC RETENTION

ഡല്‍ഹി കാപിറ്റല്‍സ് 18 കോടിയ്‌ക്ക് തന്നെ ടീമില്‍ നിലനിര്‍ത്താൻ നടത്തുന്ന നീക്കങ്ങളില്‍ റിഷഭ് പന്തിന് അതൃപ്‌തിയെന്ന് റിപ്പോര്‍ട്ട്.

RISHABH PANT  DELHI CAPITALS RETENTION LIST  IPL MEGA AUCTION 2025  റിഷഭ് പന്ത് ഡല്‍ഹി കാപിറ്റല്‍സ്
Rishabh Pant (IANS)
author img

By ETV Bharat Kerala Team

Published : Oct 25, 2024, 10:09 AM IST

പിഎല്‍ 2025 സീസണിന് മുന്നോടിയായി തന്നെ 18 കോടിയ്‌ക്ക് ടീമില്‍ നിലനിര്‍ത്താനുള്ള ഡല്‍ഹി കാപിറ്റല്‍സിന്‍റെ നീക്കങ്ങളില്‍ റിഷഭ് പന്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. 18 കോടിയിലധികം രൂപ തനിക്ക് പ്രതിഫലം ലഭിക്കണമെന്ന നിലപാട് താരം ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് സൂചന. ഇതോടെ, വരാനിരിക്കുന്ന മെഗാ താരലേലത്തില്‍ പന്തിന്‍റെ പേരും ഉണ്ടായിരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമകളായ പാര്‍ഥ് ജിൻഡാളിനെയും കിരണ്‍ കുമാര്‍ ഗ്രാൻധിയേയും കണ്ട് പന്ത് പ്രതിഫലത്തിലുള്ള തന്‍റെ അതൃപ്തി നേരിട്ടറിയിച്ചിട്ടുണ്ട്. എന്നാല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത മികച്ച പ്രകടനം നടത്താൻ പന്തിന് സാധിക്കുന്നില്ലെന്ന വിലയിരുത്തലാണ് ഫ്രാഞ്ചൈസിക്കുള്ളത്. ഡല്‍ഹിയുടെ നായകസ്ഥാനത്തേക്ക് പന്തിനെ പരിഗണിക്കേണ്ട എന്ന അഭിപ്രായം ടീമിനുള്ളില്‍ ഉയര്‍ന്നതായുമാണ് സൂചന.

കൂടാതെ, താരത്തിനായി കൂടുതല്‍ പണം മുടക്കാൻ ഫ്രാഞ്ചൈസി തയ്യാറല്ലെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ, താരലേലത്തില്‍ വന്നാല്‍ തന്നെ വാങ്ങാൻ ആളുണ്ടാകുമോ എന്നും എങ്കില്‍ എത്ര രൂപയാകും എന്ന ചോദ്യം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പന്ത് പോസ്റ്റ് ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പന്ത് താരലേലത്തിനെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ താരത്തെ സ്വന്തമാക്കാൻ ആര്‍സിബി തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. ആര്‍സിബിയ്‌ക്ക് പുറമെ പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകളും താരത്തെ നോട്ടമിടുന്നുണ്ട്.

ടീമില്‍ നിലനിര്‍ത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ 31 ആണ്. മെഗാ താരലേലത്തിന് മുന്‍പായി ആറ് താരങ്ങളെയാണ് ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താൻ സാധിക്കുക. പരമാവധി അഞ്ച് അന്താരാഷ്‌ട്ര താരങ്ങളേയും (ഇന്ത്യൻ/വിദേശ) രണ്ട് ആഭ്യന്തര താരങ്ങളേയുമാണ് നിലനിര്‍ത്താനാകുക. ആര്‍ടിഎം (റൈറ്റ് ടു മാച്ച്) വഴി ഒരു താരത്തേയും സ്വന്തമാക്കാം.

Also Read : പന്തിനെ നോട്ടമിട്ട് ആര്‍സിബി, പിന്നാലെ മറ്റ് രണ്ട് ടീമുകളും; സൂപ്പര്‍ താരത്തെ കൈവിടുമോ ഡല്‍ഹി?

ഫ്രാഞ്ചൈസികളും നിലനിര്‍ത്താൻ ഉദ്ദേശിക്കുന്ന അഞ്ച് താരങ്ങളില്‍ ആദ്യത്തെയാള്‍ക്ക് 18 കോടിയും രണ്ടാമത്തെ താരത്തിന് 14 കോടിയും മൂന്നാമത്തെ താരത്തിന് 11 കോടിയും പ്രതിഫലം നല്‍കണം. നാലാമത്തെ താരത്തിന് 15 കോടിയും അഞ്ചാമത്തെ താരത്തിന് 18 കോടിയുമാണ് പ്രതിഫലം നല്‍കേണ്ടത്. അണ്‍ക്യാപ്‌ഡ് താരങ്ങള്‍ക്ക് 4 കോടിയാണ് നല്‍കേണ്ടത്. നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായി ചെലവാക്കുന്നത് ഉള്‍പ്പടെ 120 കോടിയാണ് ടീമുകള്‍ക്ക് ആകെ ഉപയോഗിക്കാവുന്ന തുക.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.