ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി (Delhi Capitals) റിഷഭ് പന്ത് (Rishabh Pant) ഇറങ്ങും. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും താരത്തിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചതായി ബിസിസിഐ (BCCI) ഔദ്യോഗികമായി അറിയിച്ചു. ഇതുസംബന്ധിച്ച് ബിസിസിഐ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
ഐപിഎല്ലിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയാണ് പന്തിന് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമെങ്കിലും താരത്തിന് വിക്കറ്റ് കീപ്പറാവാന്‍ കഴിയുമോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള വ്യക്തമായ ഉത്തരമാണ് ബിസിസിഐ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഷമിയും പ്രസിദ്ധും പുറത്ത് : മുഹമ്മദ് ഷമിയ്‌ക്ക് (Mohammed Shami) പുറമെ പ്രസിദ്ധ് കൃഷ്‌ണയും (Prasidh Krishna) ഐപിഎല്ലിന്‍റെ 17-ാം പതിപ്പിലുണ്ടാവില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായ ഇരുവരും നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഐപിഎല്ലില്‍ ഇറങ്ങാന്‍ കഴിയാതെ വരുന്നതോടെ തൊട്ടുപിന്നാലെ നടക്കുന്ന ടി20 ലോകകപ്പിൽ (T20 World Cup 2024) ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാനുള്ള അവരുടെ സാധ്യതകൾക്ക് വലിയ തിരിച്ചടി സംഭവിച്ചേക്കാം.
പന്തിന്‍റെ വരവ് ഡല്‍ഹിക്ക് ആശ്വാസം: 2022 ഡിസംബര്‍ അവസാനത്തിലുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ 14 മാസങ്ങളായി ക്രിക്കറ്റിന് പുറത്തായിരുന്നു പന്തുണ്ടായിരുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പിങ് ആരംഭിച്ചതായി കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ് (Ricky Ponting) അറിയിച്ചിരുന്നു. ഐസിസി റിവ്യൂവിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ കൂടിയായ പോണ്ടിങ് ഇക്കാര്യം അറിയിച്ചത്.
2022 ഡിസംബര്‍ 30-ന് പുലര്‍ച്ചെ ഡല്‍ഹി റൂര്‍ക്കി ഹൈവേയിലായിരുന്നു റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. 25-കാരനായ താരം ഓടിച്ചിരുന്ന എസ്‌യുവി ഡിവൈഡറിലിടിച്ച് കയറിയ ശേഷം തീപിടിക്കുകയായിരുന്നു. അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് പന്ത് രക്ഷപ്പെട്ടത്. ആദ്യം ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലേക്ക് എത്തിച്ചു.
ഇവിടെവച്ചാണ് പരിക്കേറ്റ വലത് കാല്‍മുട്ടിലെ ലിഗ്‌മെന്‍റിനുള്ള ശസ്‌ത്രക്രിയ രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കിയത്. പിന്നീട് വീട്ടില്‍ ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികിത്സകള്‍ക്ക് വിധേയനായ ശേഷമായിരുന്നു താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തുന്നത്. പന്തിന്‍റെ തിരിച്ചുവരവ് ഡല്‍ഹിയെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്.
ALSO READ: കുട്ടിക്ക്രിക്കറ്റിലെ ആറാം പൊൻ കിരീടം തേടി തലയും പിള്ളേരും...ഐപിഎല്ലിന് അരങ്ങുണരുന്നു...
കഴിഞ്ഞ സീസണില്‍ പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാർണര്‍ക്ക് കീഴില്‍ കളിച്ച ഡല്‍ഹി ദയനീയ പ്രകടനമായിരുന്നു നടത്തിയത്. 10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ഒമ്പതാമതായി ആയിരുന്നു ഡല്‍ഹിക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 14 മത്സരങ്ങളില്‍ നിന്നും വെറും അഞ്ച് വിജയം മാത്രമായിരുന്നു ടീമിന് നേടാന്‍ കഴിഞ്ഞത്.