അഹമ്മദാബാദ്: ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണും ഇടം നേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനമാണ് സഞ്‌ജുവിന് ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് വാതില്‍ തുറന്നത്.
വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലെത്തിയതോടെ കെഎല്‍ രാഹുലിന് പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ ടീമില്‍ നിന്നുമുള്ള ശ്രദ്ധേയമായ പുറത്താവല്‍ റിങ്കു സിങ്ങിന്‍റേതാണ്. റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് റിങ്കുവിന് ഇടം ലഭിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യയ്‌ക്കായി ഫിനിഷിങ്ങ് റോളില്‍ വമ്പന്‍ മികവ് പുലര്‍ത്തിയ താരമാണ് 26-കാരനായ റിങ്കു സിങ്.
നീലപ്പടയ്‌ക്കായി കളിച്ച 11 ടി20 ഇന്നിങ്‌സില്‍ നിന്ന് 2 അർധ സെഞ്ചുറികളടക്കം 356 റൺസാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 89 ശരാശരിയില്‍ 176 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റിങ്കുവിന്‍റെ റണ്‍വേട്ട. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഒമ്പത് പന്തില്‍ പുറത്താവാതെ 31 റണ്‍സടിച്ചും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ മണ്ണില്‍ 39 പന്തില്‍ 68 റണ്‍സ് നേടിയും റിങ്കു തിളങ്ങിയിരുന്നു.
അഫ്‌ഗാനെതിരെയായിരുന്നു റിങ്കു അവസാനമായി കളിച്ചത്. അന്ന് 22-4 എന്ന നിലയില്‍ പതറിയ ഇന്ത്യയ്‌ക്കായി രോഹിത് ശര്‍മയ്‌ക്കൊപ്പം മിന്നും പ്രകടനമായിരുന്നു താരം നടത്തിയത്. 39 പന്തില്‍ പുറത്താവാതെ 69 റണ്‍സ് നേടിയ റിങ്കു ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 190 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
റിങ്കു ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നുവെന്ന് നിരവധിയായ ആരാധകര്‍ക്കൊപ്പം ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ടീം ഇന്ത്യക്ക് വേണ്ടിയുള്ള സമീപകാല പ്രകടനം നോക്കുമ്പോള്‍ റിങ്കു സിങ്ങിനെ അവഗണിക്കാൻ പാടില്ലായിരുന്നുവെന്ന് താന്‍ കരുതുന്നതായാണ് ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. Justice for Rinku Singh എന്ന ഹാഷ് ടാഗ് എക്‌സില്‍ ട്രെന്‍റിങ് ആവുകയും ചെയ്‌തു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍