ബ്രിസ്‌ബേൻ: യശസ്വി ജയ്‌സ്വാളും ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ഓസ്‌ട്രേലിയൻ ബാറ്റര്‍ ട്രാവിസ് ഹെഡുമെല്ലാം ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പൻ ഫോമിലാണ്. കളത്തിലിറങ്ങുന്ന മത്സരങ്ങളിലെല്ലാം മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശാൻ ഇവര്‍ക്കാകുന്നുണ്ട്. സമകാലീന ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരമായി ഈ മൂവരില്‍ ഒരാളെയാണ് പലരും പറയുന്നത്.
എന്നാല്‍, ഇക്കാര്യത്തില്‍ വ്യത്യസ്‌തമായ അഭിപ്രായമാണ് ഓസ്‌ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനുള്ളത്. ജോ റൂട്ടും ജയ്‌സ്വാളും ഹെഡുമെല്ലാം തകര്‍പ്പൻ പ്രകടനങ്ങള്‍ കാഴ്‌ചവെയ്‌ക്കുന്നുണ്ടെങ്കിലും സമകാലീന ക്രിക്കറ്റിലെ മികച്ച താരം ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കാണെന്നാണ് പോണ്ടിങ്ങിന്‍റെ അഭിപ്രായം. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ റൂട്ടിനെ മറികടന്ന് ബ്രൂക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെയാണ് പോണ്ടിങ് ഇങ്ങനെയൊരു പരാമര്‍ശവുമായി രംഗത്തെത്തിയത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്രൂക്ക് സെഞ്ച്വറിയടിച്ചിരുന്നു. ഇതോടെയാണ് റൂട്ടിനെ പിന്നിലാക്കിക്കൊണ്ട് 25കാരനായ താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്ന താരമാണ് ബ്രൂക്കെന്നും ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാൻ ബ്രൂക്കിന് സാധിക്കുമെന്നും ഐസിസിയുടെ പ്രതിമാസ അവലോകനത്തില്‍ പോണ്ടിങ് അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ എട്ട് സെഞ്ച്വറികള്‍ അവൻ നേടി. അതില്‍ ഏഴും പിറന്നത് വിദേശത്താണ് എന്ന കാര്യമാണ് അവനെ തലമുറയുടെ താരമാക്കി മാറ്റുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ ഏറ്റവും മികച്ച താരം തന്നെ ഹാരി ബ്രൂക്കാണെന്ന് പറയാം.
അതിവേഗം റണ്‍സ് കണ്ടെത്താൻ അവന് കഴിയുന്നു. അവന്‍റെ ക്ലാസും മറ്റ് താരങ്ങളില്‍ നിന്നും അവനെ വ്യത്യസ്‌തനാക്കുന്നു. അവന്‍റെ ബാറ്റിങ് ഞാൻ ഏറെ ആസ്വദിക്കുന്നുണ്ട്.
തലമുറയുടെ തന്നെ താരമാണ് ബ്രൂക്ക്. അതുകൊണ്ടാണ് കഴിഞ്ഞ തവണ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് അവനെ എത്തിച്ചത്. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലാണ് അവൻ മികവ് കാട്ടുന്നത്. അധികം വൈകാതെ തന്നെ മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പൻ പ്രകടനങ്ങള്‍ ബ്രൂക്ക് കാഴ്‌ചവെക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും പോണ്ടിങ് പറഞ്ഞു.
2022ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ ഹാരി ബ്രൂക്കിന്‍റെ അരങ്ങേറ്റം. ഇതുവരെ 22 മത്സരങ്ങള്‍ കളിച്ച താരം 38 ഇന്നിങ്‌സില്‍ നിന്നും 61.6 ശരാശരിയില്‍ 2280 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന് പുറത്ത് 89.3 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. 10 അര്‍ധസെഞ്ച്വറികളും കരിയറില്‍ ഇതുവരെ താരം നേടിയിട്ടുണ്ട്.
Also Read : 'ഇതാരാണെന്ന് നോക്കൂ, സാക്ഷാല്‍ സഞ്ജു സാംസണ്‍'; ദുബായില്‍ സഞ്ജുവിനെ കണ്ടുമുട്ടി ശ്രീശാന്ത്