അഹമ്മദാബാദ് : ഐപിഎല്‍ 2024 സീസണ്‍ ആക്രമണോത്സുക ബാറ്റര്‍മാരുടേതാകുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ്. കൂടുതല്‍ ആക്രമണാത്മക ബാറ്റിങ് കാഴ്‌ചവയ്‌ക്കുന്ന ടീമിനാണ് കിരീട സാധ്യത. ഇതിനകം പൂര്‍ത്തിയായ 31 മാച്ചുകളില്‍ 9 എണ്ണത്തില്‍ ഇരുനൂറോ അതിലധികമോ റണ്‍ അടിച്ചുകൂട്ടാന്‍ ടീമുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടുതവണ ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് തകര്‍ത്തു. ക്രിസ് ഗെയിലിന്‍റെ 175 നോട്ടൗട്ട് പ്രകടനത്തിന്‍റെ ബലത്തില്‍ 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 5 വിക്കറ്റിന് 263 റണ്‍സെന്ന റെക്കോര്‍ഡാണ് ഹൈദരാബാദ് ആദ്യം തകര്‍ത്തത്. 3 വിക്കറ്റിന് 277 ആയിരുന്നു ആദ്യം അവര്‍ നേടിയത്. പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 3 വിക്കറ്റിന് 287 എന്ന ടോട്ടലും ഹൈദരാബാദ് ഉയര്‍ത്തി.
"സ്കോര്‍ ബോര്‍ഡില്‍ കൂടുതല്‍ റണ്‍സ് ചേര്‍ക്കുന്ന ടീം കപ്പുനേടും. ഹൈദരാബാദ് രണ്ടുതവണ കൂറ്റന്‍ സ്കോര്‍ നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 7 വിക്കറ്റിന് 272 റണ്‍സെന്ന ടോട്ടല്‍ സ്വന്തമാക്കി. ഇംപാക്റ്റ് പ്ലെയര്‍ കളിയില്‍ ഏറെ പ്രധാനമാകുന്നുണ്ട്. ട്രാവിസ് ഹെഡ് ബാറ്റ് ചെയ്‌തത് ഓര്‍ത്തുനോക്കുക. തുടര്‍ന്ന് ഇറങ്ങാനിരിക്കുന്ന കളിക്കാരെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടെങ്കില്‍ കണ്ണുംപൂട്ടി ബാറ്റ് ചെയ്യാനാവും" - പോണ്ടിങ് പറഞ്ഞു.
"സാധാരണ പ്രതിരോധ ബൗളിങ് കാഴ്‌ചവയ്‌ക്കുന്ന ടീം ഇത്തരം ടൂര്‍ണമെന്‍റുകള്‍ ജയിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ പതിവ് തെറ്റുന്നു. ഈ ഐപിഎല്ലിലെ നിയമങ്ങളും ആദ്യം ബാറ്റ് ചെയ്‌ത് കൂറ്റന്‍ ടോട്ടല്‍ തീര്‍ക്കുന്ന ടീമിന് ജയിക്കാന്‍ സൗകര്യം ചെയ്യുന്നതാണ്" - പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ 2024 ലെ ടീമുകളെല്ലാം റണ്ണടിച്ച് കൂട്ടുന്നതില്‍ മത്സരിക്കുമ്പോള്‍ റിക്കി പോണ്ടിങ്ങിന്‍റെ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിങ് താളം കണ്ടെത്താന്‍ പാടുപെടുകയാണ്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഡല്‍ഹി. നാല് കളി തോറ്റ് രണ്ട് വിജയത്തോടെ നാല് പോയിന്‍റാണ് ഡല്‍ഹിയുടെ സമ്പാദ്യം. നെറ്റ് റണ്‍ റേറ്റാകട്ടെ - 0.975.