മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയില്‍ കിരീടത്തിന് അരികിലേക്ക് കുതിക്കുകയാണ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. സീസണിലെ 30-ാം മത്സരത്തില്‍ അത്ലറ്റിക് ക്ലബിനെ തകര്‍ത്തതോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയേക്കാള്‍ എട്ട് പോയിന്‍റ് മുന്നിലെത്താൻ റയലിനായി. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു റയലിന്‍റെ ജയം.
മുന്നേറ്റ നിര താരം റോഡ്രിഗോയാണ് മത്സരത്തില്‍ രണ്ട് ഗോളും റയലിനായി അത്ലറ്റിക് ക്ലബിന്‍റെ വലയിലേക്ക് എത്തിച്ചത്. സീസണില്‍ റയലിന്‍റെ 23-ാം ജയമായിരുന്നു ഇത്. നിലവില്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലോസ് ബ്ലാങ്കോസിന് 75 പോയിന്‍റാണ് ഉള്ളത്.
കഴിഞ്ഞ ദിവസം ലാസ് പാല്‍മസിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വ്യത്യാസം അഞ്ചാക്കി കുറച്ചിരുന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ 12-ാം സ്ഥാനക്കാരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സ തകര്‍ത്തത്. റാഫീഞ്ഞയായിരുന്നു മത്സരത്തില്‍ ബാഴ്‌സയുടെ ഗോള്‍ സ്കോറര്‍.
എന്നാല്‍, ഇന്ന് (ഏപ്രില്‍1) പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അത്ലറ്റിക് ക്ലബിനെ നേരിടാൻ ഇറങ്ങിയ റയല്‍ മത്സരം സ്വന്തമാക്കി വീണ്ടും തങ്ങളുടെ ലീഡ് ഉയര്‍ത്തി. പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ അത്ലറ്റിക്ക് ക്ലബ് ചെറിയ വെല്ലുവിളികള്‍ ഉയര്‍ത്തിയെങ്കിലും അതിനെ മറികടന്നാണ് റയല്‍ ജയം പിടിച്ചത്.
മത്സരത്തില്‍ എട്ടാം മിനിറ്റിലാണ് ആതിഥേയരായ റയല്‍ മാഡ്രിഡ് ആദ്യ ഗോള്‍ നേടുന്നത്. മൈതാനത്തിന്‍റെ വലതുവശത്ത് നിന്ന് ബ്രാഹിം ഡിയസ് ഇടതുവശത്തേക്ക് നല്‍കിയ പാസ് സ്വീകരിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ തകര്‍പ്പൻ ലോങ് റേഞ്ചിലൂടെയാണ് റോഡ്രിഗോ പന്ത് ലക്ഷ്യത്തിലേക്ക് എത്തിച്ചത്. പിന്നീട് കാര്യമായ മുന്നേറ്റങ്ങളൊന്നും മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ രണ്ട് ടീമിന്‍റെയും ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെ, ആദ്യ പകുതി 1-0 എന്ന സ്കോറിനാണ് അവസാനിച്ചത്.
48-ാം മിനിറ്റില്‍ ബ്രാഹിം ഡയസിന്‍റെ ഷോട്ട് ഗോള്‍ പോസ്‌റ്റില്‍ ഇടിച്ച് മടങ്ങി. തുടര്‍ന്നും റയല്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഒടുവില്‍, മത്സരത്തിന്‍റെ 73-ാം മിനിറ്റില്‍ നടത്തിയ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മാഡ്രിഡ് ലീഡ് ഉയര്‍ത്തി. സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ അസിസ്‌റ്റ് സ്വീകരിച്ചായിരുന്നു ഇത്തവണ റോഡ്രിഗോ ഗോള്‍ നേടിയത്.