ലണ്ടൻ: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്‌ത്തി സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലില്‍. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ തമ്മില്‍ കൊമ്പുകോര്‍ത്ത ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം പാദ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയം നേടിയാണ് റയല്‍ അവസാന നാലില്‍ സ്ഥാനമുറപ്പിച്ചത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഷൂട്ടൗട്ടില്‍ റയല്‍ മാഡ്രിഡ് നാല് അവസരങ്ങളും ഗോളാക്കി മാറ്റി. എന്നാല്‍, മറുവശത്ത് മൂന്ന് പ്രാവശ്യം മാത്രമായിരുന്നു സിറ്റിക്ക് പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചത്. സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, മാറ്റിയോ കൊവാസിച്ച് റയലിന്‍റെ ലൂക്ക മോഡ്രിച്ച് എന്നിവര്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ പിഴച്ചത്. നേരത്തെ, റയലിന്‍റെ തട്ടകമായ സാന്‍റിയോഗോ ബെര്‍ണബ്യൂവില്‍ നടന്ന ആദ്യ പാദ മത്സരം 3-3 സമനിലയില്‍ അവസാനിച്ചിരുന്നു.
ക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തിന് റയലിന്‍റെ ഫസ്റ്റ് ടച്ചോഡെയാണ് തുടക്കമായത്. കൗണ്ടര്‍ അറ്റാക്കിന് പ്രാധാന്യം നല്‍കി കൊണ്ടായിരുന്നു റയലിന്‍റെ മുന്നേറ്റങ്ങള്‍. മറുവശത്ത്, പതിവ് ശൈലിയില്‍ തന്നെ സിറ്റിയും പന്ത് തട്ടി.
പതിഞ്ഞ താളത്തിലായിരുന്നു മത്സരത്തിന്‍റെ തുടക്കം. എന്നാല്‍, 12-ാം മിനിറ്റില്‍ റയല്‍ എത്തിഹാദ് സ്റ്റേഡിയത്തെ നിശബ്‌ദമാക്കി. വിനീഷ്യസ് ജൂനിയറിന്‍റെ പാസില്‍ നിന്നും റോഡ്രിഗോയായിരുന്നു റയലിനായി ഗോള്‍ നേടിയത്.
ഒരു ഗോളിന് പിന്നിലായതോടെ സിറ്റി ആക്രമണങ്ങള്‍ക്കും മൂര്‍ച്ച കൂട്ടി. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കാൻ അവര്‍ക്കായി. എന്നാല്‍, അവയിലൊന്നും തന്നെ ഗോളാക്കി മാറ്റാനും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചില്ല. ഇതോടെ, ആദ്യ പകുതി ഒരു ഗോളിന്‍റെ ലീഡുമായാണ് റയല്‍ അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിന്‍റെ 76-ാം മിനിറ്റില്‍ റയലിനൊപ്പം പിടിച്ചു. കെവിൻ ഡിബ്രൂയിനായിരുന്നു അവരുടെ ഗോള്‍ സ്കോറര്‍. പിന്നീട്, നിശ്ചിത സമയത്ത് വിജയഗോള്‍ കണ്ടെത്താൻ ഇരു ടീമിനും സാധിക്കാതെ വന്നതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. അവിടെയും ഗോളിലേക്ക് എത്താൻ ഇരുവര്‍ക്കുമായില്ല. ഇതോടെ, മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.
ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുത്ത റയലിന്‍റെ ലൂക്കാ മോഡ്രിച്ചിന് പിഴച്ചു. മറുവശത്ത് ഹൂലിയൻ അല്‍വാരസ് ആതിഥേയര്‍ക്കായി ആദ്യ അവസരം തന്നെ മുതലാക്കി. പിന്നാലെ, രണ്ടാം കിക്ക് എടുക്കാനെത്തിയ ജൂഡ് ബെല്ലിങ്‌ഹാം അനായാസം തന്നെ സിറ്റി വലിയില്‍ പന്തെത്തിച്ചു.
ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ രണ്ടാം കിക്കെടുത്തത്. താരത്തിന് അവസരം മുതലാക്കാനായിരുന്നില്ല. മൂന്നാം അവസരത്തില്‍ ലൂക്കസ് വാസ്‌കസ് റയലിന്‍റെ ലീഡ് ഉയര്‍ത്തി. മറുവശത്ത്, മാറ്റിയോ കൊവാസിച്ചിന്‍റെ കിക്കും റയല്‍ ഗോള്‍ കീപ്പര്‍ ലുനിന്‍ തടുത്തിട്ടു. സിറ്റിക്കായി പിന്നീടെത്തിയ ഫില്‍ ഫോഡനും എഡേര്‍സണും ഗോള്‍ നേടിയെങ്കിലും നാച്ചോയുടെയും ആന്‍റോണിയോ റുഡിഗറുടെയും ഫിനിഷിങ്ങ് മികവിലൂടെ റയല്‍ തുടര്‍ച്ചയായ നാലാമത്തെ പ്രാവശ്യവും ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
അതേസമയം, ആഴ്‌സണലിനെ തോല്‍പ്പിച്ചെത്തുന്ന ജര്‍മൻ ക്ലബ് ബയേണ്‍ മ്യൂണിക്കാണ് റയല്‍ മാഡ്രിഡിന്‍റെ എതിരാളികള്‍. ഏപ്രില്‍ 30ന് ബയേണിന്‍റെ ഹോം ഗ്രൗണ്ടിലാണ് ഇരു ടീമും ഏറ്റുമുട്ടുന്ന ആദ്യ പാദ സെമി ഫൈനല്‍ മത്സരം.