ബെംഗളൂരു: 'അടി, അടിയോടടി...' അതായിരുന്നു ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുഖാമുഖം വന്ന മത്സരം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, അബ്‌ദുല്‍ സമദ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തില്‍ അടിച്ചെടുത്തത് 287 എന്ന ഹിമാലയൻ സ്കോര്‍. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് ഇത്.
ഈ വര്‍ഷം മുംബൈ ഇന്ത്യൻസിനെതിരെ സ്വന്തം തട്ടകത്തില്‍ അടിച്ച 277 റണ്‍സിന്‍റെ റെക്കോഡാണ് സണ്‍റൈസേഴ്‌സ് ചിന്നസ്വാമിയില്‍ 'മോഡിഫൈ' ചെയ്‌തത്. മറുപടി ബാറ്റിങ്ങില്‍ ജയത്തിലേക്ക് എത്താൻ ആര്‍സിബിയും നല്ലത് പോലെ പൊരുതി. വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ടീമിന് വെടിക്കെട്ട് തുടക്കം നല്‍കി. ദിനേശ് കാര്‍ത്തിക് വമ്പനടികളോടെ കളം നിറഞ്ഞെങ്കിലും നിശ്ചിത ഓവറില്‍ 262 റണ്‍സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ പോരാട്ടം അവസാനിക്കുകയായിരുന്നു.
ഐപിഎല്ലിലെ മാത്രമല്ല, ടി20 ക്രിക്കറ്റിലെ മറ്റ് പല റെക്കോഡുകളും തിരുത്തി എഴുതുന്നത് കൂടിയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സ് മത്സരം. ടി20യില്‍ കൂടുതല്‍ റണ്‍സ്, ബൗണ്ടറികള്‍, സിക്‌സറുകള്‍ അങ്ങനെ് നിരവധി റെക്കോഡുകളാണ് ചിന്നസ്വാമിയിലെ കഴിഞ്ഞ രാത്രിയില്‍ പഴങ്കഥയായത്.
40 ഓവറുകളിലായി 549 റണ്‍സായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ പിറന്നത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോഡാണ് ഇത്. ഈ ഐപിഎല്ലില്‍ ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിലേറ്റുമുട്ടിയ മത്സരത്തില്‍ 523 റണ്‍സായിരുന്നു രണ്ട് ടീമും കൂടി അടിച്ചെടുത്തത്. ഈ സ്കോറിനെയാണ് ആര്‍സിബി എസ്ആര്‍എച്ച് മത്സരം പിന്നിലാക്കിയത്.
38 സിക്‌സറുകളും 43 ഫോറുകളും ഉള്‍പ്പടെ ആകെ 81 ബൗണ്ടറികളാണ് ഈ മത്സരത്തില്‍ പിറന്നത്. കഴിഞ്ഞ വര്‍ഷം സെഞ്ചൂറിയനില്‍ നടന്ന ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും ഇത്ര ബൗണ്ടറികള്‍ പിറന്നിട്ടുണ്ട്. 46 ഫോറും 35 സിക്‌സറുകളുമായിരുന്നു ആ മത്സരത്തില്‍ ഇരു ടീമും ചേര്‍ന്ന് അടിച്ചെടുത്തത്.
ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 22 സിക്‌സറുകളാണ് ചിന്നസ്വാമിയിലെ ഗാലറിയിലേക്ക് എത്തിച്ചത്. മറുവശത്ത്, ബെംഗളൂരുവിന് 16 സിക്‌സറുകളായിരുന്നു നേടാൻ സാധിച്ചത്. ഹൈദരാബാദ് 19 ഫോറും ബെംഗളൂരു 24 ഫോറും മത്സരത്തില്‍ അതിര്‍ത്തി കടത്തി.