കെബെര്‍ഹ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സിന്‍റെ വിജയ ലക്ഷ്യം 19 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ പ്രോട്ടീസ് നേടിയെടുക്കുകയായിരുന്നു. 41 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്‍റെ പ്രകടനമാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
9 പന്തില്‍ പുറത്താവാതെ 19 റണ്‍സ് നേടിയ ജെറാള്‍ഡ് കോട്‌സിയുടെ പിന്തുണ ഏറെ നിര്‍ണായകമായി. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തില്‍ ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക പതറിയിരുന്നു. എന്നാല്‍ പിരിയാത്ത എട്ടാം വിക്കറ്റില്‍ സ്റ്റബ്‌സ്-കോട്‌സി സഖ്യം 20 പന്തില്‍ 42 റണ്‍സ് ചേര്‍ത്താണ് ടീമിനെ വിജയതീരത്തേക്ക് എത്തിച്ചത്.
പ്രോട്ടീസ് നിരയില്‍ എയ്‌ന്‍ മാര്‍ക്രം (3), റീസ ഹെന്‍ഡ്രിക്‌സ് (24), മാര്‍കോ ജാന്‍സന്‍ (7), ഹെന്‍റിച്ച് ക്ലാസന്‍ (2), ഡേവിഡ് മില്ലര്‍ (0) എന്നിവരെയാണ് വരുണ്‍ ചക്രവര്‍ത്തി മടക്കിയത്. റ്യാന്‍ റിക്കിള്‍ടണിനെ (13) അര്‍ഷ്‌ദീപ് സിങ്ങും ആന്‍ഡിലെ സിംലെനിനെ (7) രവി ബിഷ്‌ണോയിയും പുറത്താക്കി.
നേരത്തെ, ടോസ് നഷ്‌ടമായി ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ പ്രോട്ടീസ് ബോളര്‍മാര്‍ തളച്ചിട്ടു. 45 പന്തില്‍ 39 റണ്‍സ് നേടി പുറത്താവാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (27), തിലക് വര്‍മ (20) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.
ആദ്യ ടി20യില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് അക്കൗണ്ട് തുറക്കാനായില്ല. അഭിഷേക് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (4), റിങ്കു സിങ് (9), അര്‍ഷ്‌ദീപ് സിങ് (7*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. വിജയത്തോടെ നാല് മത്സര പരമ്പരയില്‍ 1-1ന് ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി.