ന്യൂഡല്‍ഹി : വിമൻസ് പ്രീമിയര്‍ ലീഗ് (WPL 2024) രണ്ടാം പതിപ്പിന്‍റെ ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) നേരിടാൻ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore). എലിമിനേറ്ററില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ (Mumbai Indians) തകര്‍ത്താണ് ആര്‍സിബിയുടെ മുന്നേറ്റം. ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് റണ്‍സിന്‍റെ ആവേശജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത് (WPL 2024 Eliminator MI vs RCB Result).
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ എല്ലിസ് പെറിയുടെ (Ellyse Perry) അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 135 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈയുടെ പോരാട്ടം 6 വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സില്‍ അവസാനിച്ചു. രണ്ട് വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീല്‍ (Shreyanka Patil), മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞ മലയാളി താരം ശോഭന ആശ (Sobhana Asha) എന്നിവരുടെ പ്രകടനങ്ങളാണ് ആര്‍സിബി ജയത്തില്‍ നിര്‍ണായകമായത്.
അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ 12 റണ്‍സ് അകലെയായിരുന്നു അവസാന ഓവറില്‍ മുംബൈ ഇന്ത്യൻസിന്‍റെ ജയം. എന്നാല്‍, പന്തെറിയാനെത്തിയ ശോഭന ആശ ആറ് റണ്‍സ് മാത്രമായിരുന്നു 20-ാം ഓവറില്‍ വിട്ടുകൊടുത്തത്. കൂടാതെ പൂജ വസ്‌ത്രകാറിന്‍റെ (4) വിക്കറ്റും താരം സ്വന്തമാക്കി.
136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ തരക്കേടില്ലാതെയാണ് ഇന്നിങ്‌സ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ 27 റണ്‍സാണ് ഹെയ്‌ലി മാത്യൂസും (15), യാസ്‌തി ഭാട്ടിയയും കൂട്ടിച്ചേര്‍ത്തത്. നാലാം ഓവറില്‍ ഹെയ്‌ലിയെ പുറത്താക്കി ശ്രേയങ്കയാണ് മുംബൈയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.
സ്കോര്‍ 50ല്‍ നില്‍ക്കെ യാസ്‌തിക ഭാട്ടിയയുടെ വിക്കറ്റ് എല്ലിസ് പെറി നേടി. 17 പന്തില്‍ 23 റണ്‍സ് നേടിയ നതാലി സ്‌കിവറിനെ ജ്യോര്‍ജിയ വെയര്‍ഹാം മടക്കിയതോടെ 68-3 എന്ന നിലയിലേക്ക് മുംബൈ വീണു. എന്നാല്‍, പിന്നീട് ക്രീസില്‍ ഒന്നിച്ച ഹര്‍മൻപ്രീത് കൗര്‍ അമേലിയ കെര്‍ സഖ്യം ശ്രദ്ധയോടെ കളിച്ച് ടീം ടോട്ടല്‍ ഉയര്‍ത്തി.
മുംബൈ ജയം ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു ഹര്‍മൻപ്രീത് കൗറിന്‍റെ പുറത്താകല്‍. സ്കോര്‍ 120ല്‍ നില്‍ക്കെ മത്സരത്തിന്‍റെ 18-ാം ഓവറില്‍ ശ്രേയങ്ക പാട്ടീലാണ് ഹര്‍മന്‍റെ വിക്കറ്റെടുത്തത്. 30 പന്തില്‍ 33 റണ്‍സായിരുന്നു മുംബൈ ക്യാപ്‌റ്റന്‍റെ സമ്പാദ്യം. അവിടെ നിന്നാണ് ആര്‍സിബി മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
അതേസമയം, തകര്‍ച്ചയോടെയായിരുന്നു മത്സരത്തില്‍ ആര്‍സിബിയുടെ തുടക്കം. സ്കോര്‍ബോര്‍ഡില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ആദ്യ നാല് വിക്കറ്റും നഷ്‌ടമായി. സോഫി ഡിവൈൻ (10), സ്‌മൃതി മന്ദാന (10), ദിഷ കസത് (0), റിച്ച ഘോഷ് (14) എന്നിവരുടെ വിക്കറ്റുകള്‍ 10 ഓവറിനുള്ളില്‍ തന്നെ നഷ്‌ടപ്പെട്ടു. മറുവശത്ത് ക്രീസില്‍ നിലയുറപ്പിച്ച എല്ലിസ് പെറിയുടെ ബാറ്റിങ്ങായിരുന്നു ആര്‍സിബി ഇന്നിങ്‌സിന് തുണയായത്.
50 പന്തില്‍ 66 റൺസ് നേടിയ പെറി അവസാന ഓവറിലാണ് പുറത്തായത്. സോഫി മോളിന്യുക്‌സാണ് (11) പുറത്തായ മറ്റൊരു താരം. ജ്യോര്‍ജിയ വെയര്‍ഹാം (18), ശ്രേയങ്ക പാട്ടീല്‍ (3) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബൈയ്‌ക്കായി ഹെയ്‌ലി മാത്യൂസ്, നതാലിയ സ്‌കിവര്‍, സൈക ഇഷാഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
Also Read : ബാംഗ്ലൂർ ഇനിയും മാറിയില്ലേ...ആർസിബിയുടെ പേര് മാറ്റി റിഷഭ് ഷെട്ടി... റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാകും...