ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിന് (Mumbai Indians) ജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍സിബിയെ ഏഴ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ മുംബൈ മറികടന്നു.
അമേലിയ കെര്‍ (24 പന്തില്‍ 40*), യാസ്‌തിക ഭാട്ടിയ (15 പന്തില്‍ 31) എന്നിവരുടെ ബാറ്റിങ് വിരുന്നാണ് മത്സരത്തില്‍ മുംബൈയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. സീസണില്‍ മുംബൈയുടെ മൂന്നാമത്തെ ജയമാണിത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി കാപിറ്റല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കും മുംബൈ ഇന്ത്യൻസ് എത്തി. നാല് കളികളില്‍ രണ്ട് ജയം മാത്രം നേടിയ ആര്‍സിബി നാലാം സ്ഥാനത്തേക്കും വീണു.
132 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്‌ക്ക് യാസ്‌തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ് സഖ്യം മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. നാലാം ഓവറിലെ അഞ്ചാം പന്തില്‍ യാസ്‌തികയെ മടക്കി സോഫി ഡിവൈനാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ എട്ടാം ഓവറില്‍ സ്കോര്‍ 69ല്‍ നില്‍ക്കെ ഹെയ്‌ലി മാത്യൂസും (26) മടങ്ങി. തുടര്‍ന്ന്, ഹര്‍മൻപ്രീത് കൗറിന്‍റെ അഭാവത്തില്‍ മുംബൈ ക്യാപ്‌റ്റനായി കളത്തിലിറങ്ങിയ നാറ്റ് സ്‌കിവര്‍ ബ്രണ്ടും അമേലിയ കെറും ചേര്‍ന്ന് ടീമിന്‍റെ സ്കോര്‍ ഉയര്‍ത്തി. ജയത്തിന് 14 റണ്‍സ് അകലെ നാറ്റ് സ്‌കിവര്‍ (27) വീണു. എന്നാല്‍, പൂജ വസ്‌ത്രകാറിനെ (8) ഒപ്പം നിര്‍ത്തി അമേലിയ മുംബൈയ്‌ക്ക് സീസണിലെ മൂന്നാം ജയം നേടിക്കൊടുക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 131 റണ്‍സ് നേടിയത്. 38 പന്തില്‍ 44 റണ്‍സ് നേടിയ എല്ലിസ് പെറിയുടെ പ്രകടനമായിരുന്നു ബാംഗ്ലൂരിന് തരക്കേടില്ലാത്ത സ്കോര്‍ സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയടിച്ച ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയ്‌ക്ക് മുംബൈയ്‌ക്കെതിരെ മികവിലേക്ക് ഉയരാൻ സാധിച്ചില്ല.
11 പന്തില്‍ 9 റണ്‍സായിരുന്നു മത്സരത്തില്‍ സ്‌മൃതിയുടെ സമ്പാദ്യം. ജോര്‍ജിയ വെയര്‍ഹാം 27 റണ്‍സ് നേടി. മുംബൈയ്‌ക്കായി സ്‌കിവര്‍ ബ്രണ്ട്, പൂജ വസ്‌ത്രകാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.
Also Read : ശ്രേയസ് പണി ചോദിച്ച് വാങ്ങിയതോ?; ആ പ്രവര്‍ത്തി അഗാര്‍ക്കറെ കട്ടക്കലിപ്പിലാക്കി