ബെംഗളൂരു : അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ സ്വന്തമാക്കിയ തകര്‍പ്പൻ ജയം ചിന്നസ്വാമിയിലും ആവര്‍ത്തിക്കാൻ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് ഇറങ്ങും. രാത്രി ഏഴരയ്‌ക്കാണ് ബെംഗളൂരുവും ഗുജറാത്തും ഈ സീസണില്‍ തമ്മിലേറ്റുമുട്ടുന്ന രണ്ടാമത്തെ മത്സരം. മുന്നോട്ടുള്ള യാത്ര കഠിനമാണെങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു കൂട്ടര്‍ക്കും ഇന്ന് ജയിച്ചേ പറ്റൂ.
കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാകും ആര്‍സിബി ഇന്ന് സ്വന്തം തട്ടകത്തില്‍ വീണ്ടും അതേ എതിരാളികളെ നേരിടാനിറങ്ങുന്നത്. അഹമ്മദാബാദില്‍ ടീമിന്‍റെ ജയത്തില്‍ നിര്‍ണായകമായ വില്‍ ജാക്‌സ്, വിരാട് കോലി എന്നിവരാകും ഇന്നും പ്രധാന ശ്രദ്ധാകേന്ദ്രം. സ്‌പിന്നര്‍മാര്‍ക്കെതിരെ മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്നതിന് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന വിരാട് കോലിയ്‌ക്ക് കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിന്‍റെ സ്‌പിൻ ആക്രമണത്തെ മികച്ച രീതിയില്‍ തന്നെ നേരിടാൻ സാധിച്ചിരുന്നു.
അന്ന് നേടിയ 70ല്‍ 61 റണ്‍സും സ്‌പിന്നര്‍മാര്‍ക്കെതിരെയാണ് കോലി അടിച്ചെടുത്തത്. അതേ ബൗളര്‍മാര്‍ മറ്റൊരു സാഹചര്യത്തില്‍ വീണ്ടും പന്തെറിയാൻ എത്തുമ്പോള്‍ അവരെ വിരാട് കോലി എങ്ങനെ നേരിടുമെന്ന് അറിയുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വില്‍ ജാക്‌സാണ് മത്സരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
കഴിഞ്ഞ കളിയില്‍ 41 ബോളില്‍ സെഞ്ച്വറിയടിച്ച താരം ചിന്നസ്വാമിയില്‍ എങ്ങനെ ബാറ്റ് വീശുമെന്നത് കണ്ടറിയണം. ഫാഫ് ഡുപ്ലെസിസ്, രജത് പടിദാര്‍, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവരുടെ പ്രകടനങ്ങളും ഇന്ന് ആര്‍സിബിയ്‌ക്ക് കരുത്ത് പകര്‍ന്നേക്കാവുന്നതാണ്. ശുഭ്‌മാൻ ഗില്‍, സായ് സുദര്‍ശൻ എന്നിവരാണ് ഗുജറാത്തിന്‍റെ റണ്‍സ് പ്രതീക്ഷ. മധ്യനിരയില്‍ ഷാരൂഖ് ഖാനും വമ്പനടിക്കാരനായ ഡേവിഡ് മില്ലറും റണ്‍സ് കണ്ടെത്തുന്നതും അവര്‍ക്ക് ആശ്വാസമാണ്.
കഴിഞ്ഞ കളിയില്‍ അടി വാങ്ങി കൂട്ടേണ്ടി വന്നെങ്കിലും സ്‌പിൻ കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് തന്നെയാകും ഗുജറാത്ത് ഇന്നും ആര്‍സിബിയെ നേരിടാനിറങ്ങുക. റാഷിദ് ഖാൻ, സായ് കിഷോര്‍, നൂര്‍ അഹമ്മദ് എന്നിവരുടെ പ്രകടനങ്ങളാകും ഗുജറാത്തിന് നിര്‍ണായകമാകുക. മുഹമ്മദ് സിറാജ്, കരണ്‍ ശര്‍മ, യാഷ് ദയാല്‍ എന്നീ ഇന്ത്യൻ ബൗളര്‍മാരിലാകും ആര്‍സിബി പ്രതീക്ഷ വയ്‌ക്കുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യത ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോലി, വില്‍ ജാക്‌സ്, രജത് പടിദാര്‍, ഗ്ലെൻ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീൻ, ദിനേശ് കാര്‍ത്തിക്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, സ്വപ്‌നില്‍ സിങ്, മഹിപാല്‍ ലോംറോര്‍/വൈശാഖ് വിജയകുമാര്‍
ഗുജറാത്ത് ടൈറ്റൻസ് സാധ്യത ടീം: ശുഭ്‌മാൻ ഗില്‍ (ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ, സായ് സുദര്‍ശൻ, അസ്‌മത്തുള്ള ഒമര്‍സായ്, ഡേവിഡ് മില്ലര്‍, ഷാരൂഖ് ഖാൻ, രാഹുല്‍ തെവാട്ടിയ, സായ് കിഷോര്‍, റാഷിദ് ഖാൻ, നൂര്‍ അഹമ്മദ്/ ജോഷുവ ലിറ്റില്‍, മോഹിത് ശര്‍മ, സന്ദീപ് വാര്യര്‍.