ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) പോരാട്ടം. രാത്രി ഏഴരയ്‌ക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തുടര്‍ച്ചയാണ് ലീഗിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന രണ്ട് ടീമുകളുടെയും ലക്ഷ്യം.
പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് സ്‌മൃതി മന്ദാനയുടെ ആര്‍സിബി. ഇക്കുറി കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടാൻ അവര്‍ക്കായി. സീസണിലെ ആദ്യ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ രണ്ട് റണ്‍സിനായിരുന്നു ബാംഗ്ലൂര്‍ തകര്‍ത്തത്.
രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്‌സിനെതിരെ എട്ട് വിക്കറ്റിന്‍റെ ജയവും അവര്‍ സ്വന്തമാക്കി. ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന ഫോമിലേക്ക് എത്തിയത് ആര്‍സിബിയ്‌ക്ക് ആശ്വാസമാണ്. കഴിഞ്ഞ കളിയില്‍ 27 പന്തില്‍ 43 റണ്‍സ് നേടിയായിരുന്നു സ്‌മൃതി പുറത്തായത്. ബൗളര്‍മാരില്‍ മലയാളി താരം ശോഭന ആശ, സോഫി മോളിന്യൂക്സ്, രേണുക സിങ് എന്നിവരുടെ പ്രകടനങ്ങളാണ് ആര്‍സിബിയ്‌ക്ക് നിര്‍ണായകമായത്.
തോല്‍വിയോടെയായിരുന്നു സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്താൻ അവര്‍ക്കായി.
9 വിക്കറ്റിനായിരുന്നു യുപി വാരിയേഴ്‌സിനെ ഡല്‍ഹി കെട്ടുകെട്ടിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മ, ക്യാപ്‌റ്റൻ മെഗ് ലാനിങ് എന്നിവര്‍ തകര്‍പ്പൻ ഫോമിലാണ്. ജെമീമ റോഡ്രിഗസ്, അലീസ കാപ്‌സി എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ ഡല്‍ഹിയ്‌ക്ക് ആര്‍സിബിയെ തളയ്‌ക്കുക എളുപ്പം.
Also Read : ഒറ്റ രാത്രികൊണ്ട് ആര്‍സിബിയുടെ ഹീറോയായ തിരുവനന്തപുരത്തുകാരി, വനിത പ്രീമിയര്‍ ലീഗില്‍ 'ശോഭ'യോടെ ശോഭന ആശ'
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്ക്വാഡ്: സ്‌മൃതി മന്ദാന (ക്യാപ്‌റ്റൻ), എല്ലിസ് പെറി, സോഫി ഡിവൈൻ, ജോർജിയ വെയർഹാം, റിച്ച ഘോഷ്, ആശ ശോഭന, ദിഷ കസത്, കേറ്റ് ക്രോസ്, ഇന്ദ്രാണി റോയ്, കനിക അഹൂജ, ശ്രേയങ്ക പാട്ടീൽ, രേണുക സിങ്, ശുഭ സതീഷ്, എസ് മേഘന, സിമ്രാൻ ബഹദൂർ, സോഫി മോളിന്യൂക്‌സ്.
ഡൽഹി ക്യാപിറ്റൽസ്: മെഗ് ലാനിങ് (ക്യാപ്‌റ്റൻ), ആലിസ് കാപ്‌സി, അരുന്ധതി റെഡ്ഡി, ജെമിമ റോഡ്രിഗസ്, ജെസ് ജോനാസെൻ, ലോറ ഹാരിസ്, മാരിസാൻ കാപ്പ്, മിന്നു മണി, പൂനം യാദവ്, രാധ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്‌നേഹ ദീപ്തി, തനിയ ഭാട്ടിയ, ടിതാസ് സാധു, അനബെൽ സതർലാൻഡ്, അപർണ മൊണ്ടൽ, അശ്വനി കുമാരി.