ബെംഗളൂരു : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും (Royal Challengers Bangalore) പഞ്ചാബ് കിങ്‌സും (Punjab Kings) തമ്മിലുള്ള മത്സരത്തിന്‍റെ കമന്‍ററിക്കിടെ വിവാദ പ്രസ്‌താവനയുമായി ഇന്ത്യയുടെ മുന്‍ താരം മുരളി കാര്‍ത്തിക് (Murali Kartik). ബെംഗളൂരു പേസര്‍ യാഷ് ദയാലിനെതിരെ (Yash Dayal) ആയിരുന്നു മുരളി കാര്‍ത്തിക്കിന്‍റെ അതിരുകടന്ന വാക്കുകള്‍. പഞ്ചാബിനെതിരെ 26-കാരനായ താരം പന്തെറിയാനെത്തിയപ്പോള്‍ ചിലരുടെ ചവറ് മറ്റ് ചിലര്‍ക്ക് നിധിയാണെന്നായിരുന്നു ഇംഗ്ലീഷ് കമന്‍ററിക്കിടെ മുരളി കാര്‍ത്തിക് പറഞ്ഞത്.
കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ (Gujarat Titans) താരമായിരുന്നു യാഷ് ദയാല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവസാന അഞ്ച് പന്തില്‍ വിജയത്തിനായി 29 റണ്‍സ് വേണ്ടപ്പോള്‍ ദയാലിനെതിരെയായിരുന്നു റിങ്കു സിങ് തുടര്‍ച്ചയായി അഞ്ച് സിക്‌സറുകള്‍ നേടിയത്. ഇതോടെ മാനസികമായി തളര്‍ന്ന താരത്തിന് സീസണില്‍ കാര്യമായി അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.
പിന്നീട് ദയാലിനെ ഗുജറാത്ത് കൈവിടുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ മിനി ലേലത്തില്‍ അഞ്ച് കോടി രൂപയ്ക്ക് ആര്‍സിബി താരത്തെ കൂടെ കൂട്ടുകയായിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മുരളി കാര്‍ത്തിക്കിന്‍റെ കമന്‍റ്. പിന്നാലെ മുരളി കാര്‍ത്തിക്കിന് മറുപടിയുമായി ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ രംഗത്ത് എത്തി. യാഷ് ദയാല്‍ തങ്ങളുടെ നിധി തന്നെയാണെന്നാണ് ഫ്രാഞ്ചൈസി എക്‌സില്‍ കുറിച്ചിരിക്കുന്നത്.
പഞ്ചാബിനെതിരെ നാല് ഓവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്ത് താരം തിളങ്ങിയിരുന്നു. സീസണില്‍ ബെംഗളൂരുവിന്‍റെ ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെയും യാഷ് ദയാല്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. മൂന്ന് ഓവറില്‍ 28 റണ്‍സിന് ഒരു വിക്കറ്റായിരുന്നു താരം വീഴ്‌ത്തിയത്. അതേസമയം മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്ക് ബെംഗളൂരു വിജയം നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 176 റണ്‍സായിരുന്നു നേടിയിരുന്നത്. 37 പന്തില്‍ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനായിരുന്നു ടോപ് സ്‌കോറര്‍. മറുപടിക്ക് ഇറങ്ങിയ ബെംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്.
ALSO READ: പഴകും തോറും വീര്യം കൂടിയ വീഞ്ഞ്; ഡികെ 'ദി സൂപ്പര്‍ ഫിനിഷര്‍' - Dinesh Karthik In IPL 2024
49 പന്തില്‍ 77 റണ്‍സ് നേടിയ വിരാട് കോലി അടിത്തറയൊരുക്കിയപ്പോള്‍ 10 പന്തില്‍ പുറത്താവാതെ 28 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് മത്സരം ഫിനിഷ് ചെയ്‌തത്. സീസണില്‍ ആര്‍സിബിയുടെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആര്‍സിബി തോല്‍വി വഴങ്ങിയിരുന്നു.