ബെംഗളൂരു : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ ജയം പിടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റൻസ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ 13.4 ഓവറിലാണ് ആര്‍സിബി മറികടന്നത്. മികച്ച രീതിയില്‍ തുടങ്ങുകയും പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയും ചെയ്‌ത ബെംഗളൂരുവിനെ ദിനേശ് കാര്‍ത്തികിന്‍റെ ബാറ്റിങ്ങായിരുന്നു ജയത്തിലേക്ക് നയിച്ചത്.
148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിയ്‌ക്ക് വെടിക്കെട്ട് തുടക്കമാണ് ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും ചേര്‍ന്ന് സമ്മാനിച്ചത്. 5.5 ഓവറില്‍ 92 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലെസിസിനെ വീഴ്‌ത്തി ജോഷ് ലിറ്റിലാണ് ഗുജറാത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കുന്നത്.
മത്സരത്തില്‍ 23 പന്ത് നേരിട്ട ഡുപ്ലെസിസ് 10 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 64 റണ്‍സടിച്ചാണ് മടങ്ങിയത്. ഫാഫ് മടങ്ങിയതോടെ ആര്‍സിബിയുടെ പവര്‍പ്ലേ സ്കോര്‍ 92-1 എന്നായിരുന്നു. പിന്നീടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലെ നാടകീയ രംഗങ്ങള്‍. ഏഴാം ഓവറില്‍ വില്‍ ജാക്‌സിന്‍റെ (1) വിക്കറ്റ് നൂര്‍ അഹമ്മദ് സ്വന്തമാക്കി.
വന്നപാടെ അടിതുടങ്ങാൻ ശ്രമിച്ച രജത് പടിദാറും (2) ഗ്ലെൻ മാക്‌സ്‌വെല്ലും (4) ജോഷ് ലിറ്റില്‍ എറിഞ്ഞ എട്ടാം ഓവറില്‍ പുറത്തായി. ഇതോടെ ആറ് ഓവറില്‍ 92-1എന്ന നിലയില്‍ നിന്നും എട്ട് ഓവറില്‍ 107-4 എന്ന നിലയിലേക്ക് ആര്‍സിബി കൂപ്പുകുത്തി. മറുവശത്ത് കോലി റണ്‍സ് ഉയര്‍ത്തുന്നുണ്ടായിരുന്നെങ്കിലും വന്നവരില്‍ ആര്‍ക്കും താരത്തിന് വേണ്ട പിന്തുണ നല്‍കാനായില്ല.
പത്താം ഓവറിലെ അഞ്ചാം പന്തില്‍ കാമറൂണ്‍ ഗ്രീനിനെയും (1) ജോഷ് ലിറ്റില്‍ തന്നെ മടക്കി. അടുത്ത ഓവറില്‍ വിരാട് കോലിയുടെ (27 പന്തില്‍ 42) വിക്കറ്റ് നൂര്‍ അഹമ്മദും സ്വന്തമാക്കിയതോടെ ആര്‍സിബി സമ്മര്‍ദത്തിലായി. എന്നാല്‍, സ്വപ്‌നില്‍ സിങ്ങിനൊപ്പം റണ്‍സ് ഉയര്‍ത്തിയ ദിനേശ് കാര്‍ത്തിക് ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 14-ാം ഓവറില്‍ ആര്‍സിബി ജയം സ്വന്തമാക്കുമ്പോള്‍ ദിനേശ് കാര്‍ത്തിക് 12 പന്തില്‍ 21 റണ്‍സും സ്വപ്‌നില്‍ സിങ് 9 പന്തില്‍ 15 റണ്‍സും നേടിയാണ് ക്രീസില്‍ ഉണ്ടായിരുന്നത്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനെത്തിയ ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറില്‍ 147 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ഷാരൂഖ് ഖാൻ (37), രാഹുല്‍ തെവാട്ടിയ (35), ഡേവിഡ് മില്ലര്‍ (30) എന്നിവരുടെ പ്രകടനങ്ങളായിരുന്നു വമ്പൻ തകര്‍ച്ചയില്‍ നിന്നും ഗുജറാത്തിനെ രക്ഷിച്ചത്. മത്സരത്തില്‍ ആര്‍സിബിക്കായി പന്തെറിഞ്ഞ മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വൈശാഖ് വിജയകുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.