രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ നാലാം ദിനത്തില്‍ ഓഫ് സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിന്‍ (Ravichandran Ashwin) ഇന്ത്യൻ ടീമിനായി കളിക്കാനിറങ്ങുമെന്ന് ബിസിസിഐ (BCCI). അസുഖ ബാധിതയായ അമ്മയെ കാണാനായി രാജ്‌കോട്ട് ടെസ്റ്റിന്‍റെ രണ്ടാം ദിനം അവസാനിച്ച ശേഷമായിരുന്നു അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയത്. ഈ സാഹചര്യത്തില്‍ താരത്തിന് മത്സരത്തിന്‍റെ മൂന്നാം ദിനം പൂര്‍ണമായും നഷ്‌ടമായിരുന്നു.
താത്‌കാലികമായി ടീമില്‍ നിന്നും മാറി നിന്ന അശ്വിന്‍ രാജ്‌കോട്ട് ടെസ്റ്റില്‍ തുടര്‍ന്ന് പങ്കെടുക്കുന്ന വിവരം വാര്‍ത്താക്കുറിപ്പിലൂടെയാണ് ബിസിസിഐ അറിയിച്ചത് (Ravichandran Ashwin Set To Rejoin Team On Day 4 At Rajkot). നേരത്തെ, നാലാം ദിവസത്തെ കളി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അശ്വിന്‍റെ ടീമിലേക്കുള്ള മടങ്ങി വരവ് ഉടനുണ്ടാകുമെന്ന് ഇന്ത്യൻ താരം കുല്‍ദീപ് യാദവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടെ സ്ഥിരീകരണം വന്നിരിക്കുന്നത്.
അതേസമയം, മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് ഭേദപ്പെട്ട രീതിയില്‍ തന്നെ ബാറ്റിങ് പുനരാരംഭിക്കാന്‍ ഇന്ത്യയ്‌ക്കായി (India vs England 3rd Test Day 4). രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ്ങിനിറങ്ങിയത്. രാജ്‌കോട്ടില്‍ നാലാം ദിനത്തില്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ 258-4 എന്ന നിലയിലാണ് ആതിഥേയര്‍. രണ്ടാം ഇന്നിങ്‌സിലെ 72 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 384 റണ്‍സിന്‍റെ ലീഡ് നിലവില്‍ ഇന്ത്യയ്‌ക്കുണ്ട്.
ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ഇന്ന് കളിയുടെ ആദ്യ മണിക്കൂറില്‍ നഷ്‌ടമായത്. 91 റണ്‍സ് നേടിയ താരം റണ്‍ഔട്ടാവുകയായിരുന്നു. 151 പന്തില്‍ 9 ഫോറും രണ്ട് സിക്‌സറും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്‌സ്.
ഗില്‍ പുറത്തായതോടെ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട യശസ്വി ജയ്സ്വാള്‍ ബാറ്റ് ചെയ്യാനെത്തി. ഇന്നലെ വ്യക്തിഗത സ്കോര്‍ 133 പന്തില്‍ 104 റണ്‍സില്‍ നില്‍ക്കെയായിരുന്നു ജയ്‌സ്വാളിന്‍റെ മടക്കം. നൈറ്റ് വാച്ച്മാനായി എത്തിയ കുല്‍ദീപ് യാദവ് 91 പന്തില്‍ 27 റണ്‍സ് നേടി മടങ്ങി.
ഇംഗ്ലണ്ട് സ്പിന്നര്‍ റെഹാൻ അഹമ്മദാണ് താരത്തിന്‍റെ വിക്കറ്റ് നേടിയത്. നിലവില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സര്‍ഫറാസ് ഖാനാണ് ക്രീസില്‍.
Also Read : 'സ്‌പെഷ്യല്‍ ആകാനുള്ള എല്ലാ ചേരുവകളും അവനിലുണ്ട്' ; യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍