റാഞ്ചി: ഇന്ത്യയ്‌ക്ക് എതിരായ നാലാം ടെസ്റ്റിന് (India vs England 4th Test) മുമ്പ് റാഞ്ചിയിലെ പിച്ചിനെ ( Ranchi pitch) വിമര്‍ശിച്ച ഇംഗ്ലീഷ് ബാറ്റര്‍ ഒല്ലി പോപ്പിനെ പരിഹസരിച്ച് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി (Ravi Shastri). പിച്ചിനെ കുറ്റം പറഞ്ഞ ചിലര്‍ക്ക് ഒരു റണ്‍സ് പോലും നേടാനായില്ല. പിച്ചിനെയല്ല, ബോള്‍ നോക്കിയാണ് കളിക്കേണ്ടതെന്നുമാണ് കമന്‍ററിക്കിടെ രവി ശാസ്‌ത്രിയുടെ പറഞ്ഞത്. നാലാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ ഇതാണ് ചെയ്‌തതെന്നും മുന്‍ പരിശീലകന്‍ കൂടിയായ രവി ശാസ്‌ത്രി പറഞ്ഞു.
റാഞ്ചി ടെസ്റ്റിന്‍റെ തലേന്നായിരുന്നു ഒല്ലി പോപ്പ് പിച്ചിനെ വിമര്‍ശിച്ചത്. പിച്ചില്‍ ഇപ്പോള്‍ തന്നെ വിള്ളലുകള്‍ വീണിട്ടുണ്ട്. ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ പിച്ച് നന്നായി നനച്ചിരുന്നു. വെലിയേല്‍ക്കുന്നതോടെ അതു വരണ്ടതായി മാറും. ആദ്യ പന്ത് മുതല്‍ക്ക് പിച്ച് സ്പിന്‍ ചെയ്താല്‍ പിന്നെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു കാര്യമില്ലെന്നുമായിരുന്നു ഇംഗ്ലീഷ് താരത്തിന്‍റെ വാക്കുകള്‍.
എന്നാല്‍ മത്സരത്തില്‍ ഇരു ടീമിലേയും ചില ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. പക്ഷെ, രണ്ട് ഇന്നിങ്‌സിലും ഒല്ലി പോപ്പിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ രണ്ട് പന്തുകള്‍ മാത്രം നേരിട്ട താരം ആകാശ് ദീപിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരങ്ങി. രണ്ടാം ഇന്നിങ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ ഒല്ലി പോപ്പ് ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. ഇത്തവണ അശ്വിനായിരുന്നു 26-കാരനെ ഇരയാക്കിയത്.
മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ചുകൊണ്ട് ഇംഗ്ളണ്ടിനെതിരെ പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്‌ത് ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് എടുത്തതിന് ശേഷമാണ് ഇംഗ്ലീഷ് ടീം മത്സരം നഷ്‌ടപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ തിളങ്ങിയതോടെ സന്ദര്‍ശര്‍ 145 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സിലേക്ക് എത്തിയതിന് ശേഷമായിരുന്നു ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്.
ഇന്ത്യയ്‌ക്കായി ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ നാല് വിക്കറ്റുകളുമായി കുല്‍ദീപ് യാദവും തിളങ്ങി. 91 പന്തില്‍ 60 റണ്‍സ് നേടിയ ഓപ്പണര്‍ സാക്ക് ക്രൗവ്‌ലിയായിരുന്നു സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ഇതോടെ 192 റണ്‍സിന്‍റെ ലക്ഷ്യമാണ് ഇന്ത്യയ്‌ക്ക് മുന്നില്‍ ഉയര്‍ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞത്. അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയ ആതിഥേയര്‍ ഇതു നേടിയെടുക്കുകയും ചെയ്‌തു.
ALSO READ: ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിനെ കൊന്നുകൊലവിളിച്ച ആദ്യ ക്യാപ്റ്റന്‍; രോഹിത്തിന് അപൂര്‍വ നേട്ടം
ശുഭ്‌മാന്‍ ഗില്‍ (124 പന്തില്‍ 52*), ധ്രുവ് ജുറെല്‍ (77 പന്തില്‍ 39*) എന്നിവരാണ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു.