വിശാഖപട്ടണം : എംഎസ് ധോണി ഈ സീസണോടെ വിരമിക്കുമോ?. മിക്ക ഐപിഎല്‍ പതിപ്പുകളിലും ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇത്തവണയും ഈ ചോദ്യത്തിന് മാറ്റം വന്നിട്ടില്ല. ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞാണ് ഈ സീസണില്‍ ധോണി കളിക്കുന്നത്.
ഈ സാഹചര്യത്തില്‍ ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്‌തു. സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതിന് മുന്‍പായിരുന്നു റിതുരാജ് ഗെയ്‌ക്‌വാദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി ചുമതലപ്പെടുത്തിയത്. ഇതോടെ, 43കാരനായ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആകുമോ ഇതെന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഇപ്പോഴിതാ ധോണി സിഎസ്‌കെ നായകസ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ താരവും പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി.
'ഐപിഎല്ലില്‍ ഇത് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കാം. അത് വളരെ വ്യക്തമായ ഒരു കാര്യമാണ്. ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ധോണി കളിക്കുമോ ഇല്ലയോ എന്ന് പോലും പറയാൻ കഴിയില്ല. അദ്ദേഹത്തിന്‍റെ ശരീരം എങ്ങനെ ഇവയെ എല്ലാം നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.
വിരമിക്കുന്നതിന് മുന്‍പായിട്ടാണ് ധോണി നായകസ്ഥാനവും മാറിയിരിക്കുന്നത്. ക്യാപ്‌റ്റൻസി റിതുരാജ് ഗെയ്‌ക്‌വാദിന് നല്‍കാൻ ടൂര്‍ണമെന്‍റ് പകുതിയാകുന്നത് വരെ ധോണി കാത്തിരുന്നില്ല. താനും ടീമില്‍ ഉള്ളപ്പോള്‍ തന്നെയാണ് ധോണി നായകസ്ഥാനം റിതുരാജിന് കൈമാറിയത്. ക്യാപ്‌റ്റൻ റിതുരാജ് ആണെങ്കിലും എല്ലാ കാര്യങ്ങളും ധോണിയും ശ്രദ്ധിക്കുന്നുണ്ട്. അവന് വേണ്ട പിന്തുണയും സഹായവും നല്‍കുന്നു'- രവി ശാസ്‌ത്രി വ്യക്തമാക്കി.
Also Read : എട്ടാം നമ്പറില്‍ 'കത്തിക്കയറി': 'വിന്‍റേജ്' ധോണി ഈസ് ബാക്ക് - വീഡിയോ - MS Dhoni Batting Highlights
അതേസമയം, റിതുരാജ് ഗെയ്‌ക്‌വാദിന് കീഴില്‍ മികച്ച രീതിയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ 17-ാം പതിപ്പിലെ യാത്ര തുടങ്ങിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമാണ് സിഎസ്‌കെ റിതുരാജിന് കീഴില്‍ സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് ടീമുകള്‍ക്കെതിരെയായിരുന്നു സൂപ്പര്‍ കിങ്‌സിന്‍റെ ജയം.
ഡല്‍ഹി കാപിറ്റല്‍സാണ് ഈ സീസണില്‍ ആദ്യമായി ചെന്നൈയെ പരാജയപ്പെടുത്തിയത്. ഇന്നലെ, വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു കാപിറ്റല്‍സ് റിതുരാജിനെയും കൂട്ടരെയും തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ 191 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സാണ് നേടാനായത്.