രാജ്കോട്ട് : ഇംഗ്ലീഷ് ബൗളിങ് നിരയുടെ മുനയൊടിച്ച ഇന്നിംഗ്‌സുമായി നായകൻ രോഹിത് ശർമയും രവിന്ദ്ര ജഡേജയും തിളങ്ങിയപ്പോൾ ആദ്യ ടെസ്റ്റില്‍ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞ സർഫറാസ് ഖാൻ രാജ്കോട്ട് ടെസ്റ്റിലെ ആദ്യ ദിനം ആരാധകരുടെ ഇഷ്‌ടതാരമായി. രാജ്കോട്ടില്‍ ആദ്യ മണിക്കൂറില്‍ ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിച്ച ഇംഗ്ലീഷ് ബൗളർമാരെ മനസ്ഥൈര്യത്തോടെ നേരിട്ടാണ് രോഹിത് ശർമയും രവിന്ദ്ര ജഡേജയും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രോഹിത് ശർമയെ ഞെട്ടിക്കുന്ന ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ട് നടത്തിയത്.
33 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ തിരികെ കൂടാരം കയറി. എന്നാല്‍ രോഹിത് ശർമയും രവിന്ദ്ര ജഡേജയും കരുതലോടെ കളിച്ചതോടെ മത്സരം ഇന്ത്യയുടെ കൈകളിലായി. നാലാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 204 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രോഹിത് പുറത്തായത്. രോഹിത് പുറത്തായ ശേഷമെത്തിയ അരങ്ങേറ്റക്കാരൻ സർഫറാസ് ഖാൻ ആശങ്കയൊന്നുമില്ലാതെ ആക്രമിച്ച് കളിച്ച് രവിന്ദ്ര ജഡേജയ്‌ക്കൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ടു സൃഷ്‌ടിച്ചതോടെ ഇന്ത്യ ആദ്യ ദിനം മികച്ച നിലയിലെത്തി.
രോഹിത് ശർമ 196 പന്തില്‍ 14 ഫോറും മൂന്ന് സിക്സും സഹിതം 131 റൺസെടുത്ത് പുറത്തായി. മാർക്ക് വുഡിന്‍റെ പന്തില്‍ സ്റ്റോക്‌സ് പിടിച്ചാണ് രോഹിത് പുറത്തായത്. രോഹിതിന്‍റെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാജ്കോട്ടില്‍ പിറന്നത്. ഈ മത്സരത്തില്‍ മൂന്ന് സിക്‌സുകൾ നേടിയ രോഹിത്, ടെസ്റ്റില്‍ ധോണിയുടെ 78 സിക്‌സുകൾ എന്ന നാഴികക്കല്ല് മറികടന്നു. 91 സിക്‌സുകൾ നേടിയ സെവാഗ് മാത്രമാണ് ഇനി രോഹിതിന് മുന്നിലുള്ളത്. 66 പന്തില്‍ ഒൻപത് ഫോറും ഒരു സിക്‌സും സഹിതം 62 റൺസെടുത്ത സൽഫറാസ് മാർക് വുഡിന്‍റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാകുകയായിരുന്നു. 48 പന്തിലാണ് സർഫറാസ് അർധസെഞ്ച്വറി തികച്ചത്. പിന്നാലെ ജഡേജ സെഞ്ച്വറി തികച്ചു. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജയുടെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് രാജ്കോട്ടില്‍ പിറന്നത്.
ഒടുവില്‍ വിവരം കിട്ടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 322 റൺസ് എന്ന നിലയിലാണ്. 110 റൺസുമായി പുറത്താകാതെ നില്‍ക്കുന്ന ജഡേജയ്ക്ക് കൂട്ടായി ഒരു റൺസോടെ കുല്‍ദീപ് യാദവാണ് ക്രീസില്‍. അതിനിടെ രാജ്കോട്ട് ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ രവിന്ദ്ര ജഡേജ ടെസ്റ്റില്‍ 3000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. 70 ടെസ്റ്റുകളില്‍ നിന്നാണ് താരത്തിന്‍റെ സ്വപ്‌ന നേട്ടം.
അതേസമയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് പ്രതീക്ഷിച്ച തുടക്കമല്ല മത്സരത്തില്‍ ലഭിച്ചത്. ഒന്നാം ഇന്നിങ്‌സിന്‍റെ നാലാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി പത്ത് പന്തില്‍ പത്ത് റണ്‍സ് നേടിയ ജയ്‌സ്വാളിനെ മാര്‍ക്ക് വുഡാണ് വീഴ്‌ത്തിയത്. പിന്നാലെ ക്രീസിലെത്തിയ ശുഭ്‌മാന്‍ ഗില്‍ റണ്‍സൊന്നും നേടാതെ മടങ്ങി. മാര്‍ക്ക് വുഡായിരുന്നു ഗില്ലിന്‍റെ വിക്കറ്റും നേടിയത്. 9-ാം ഓവറില്‍ രജത് പടിദാറിനെയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 15 പന്തില്‍ 5 റണ്‍സായിരുന്നു പടിദാറിന്‍റെ സമ്പാദ്യം. 33 റണ്‍സ് മാത്രമായിരുന്നു ആദ്യ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ടോം ഹാർട്‌ലി ഒരു വിക്കറ്റ് നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരങ്ങൾ ഇരു ടീമുകളും ജയിച്ചിരുന്നു. മൂന്നാം മത്സരമാണ് രാജ്കോട്ടില്‍ നടക്കുന്നത്.