ജയ്‌പൂര്‍ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) ജയിച്ച് തുടങ്ങാൻ സഞ്ജു സാംസണിന്‍റെ (Sanju Samson) രാജസ്ഥാൻ റോയല്‍സ് (Rajasthan Royals) ഇന്നിറങ്ങും. കെഎല്‍ രാഹുലിന്‍റെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് (Lucknow Super Giants) റോയല്‍സിന്‍റെ എതിരാളികള്‍. ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 3:30നാണ് മത്സരം ആരംഭിക്കുന്നത് (RR vs LSG Match Preview).
കഴിഞ്ഞ സീസണില്‍ കയ്യെത്തും ദൂരത്ത് നഷ്‌ടമായ പ്ലേ ഓഫിലെ സ്ഥാനം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാകും രാജസ്ഥാൻ പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. ബാറ്റര്‍മാരിലാണ് ഇത്തവണയും രാജസ്ഥാൻ റോയല്‍സിന്‍റെ പ്രതീക്ഷകള്‍. യുവതാരം യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ക്യാപ്റ്റൻ സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ മികവിലേക്ക് ഉയര്‍ന്നാല്‍ ഏത് പേരുകേട്ട ബൗളിങ് നിരയേയും രാജസ്ഥാന് തരിപ്പണമാക്കാൻ സാധിക്കും. റിയാൻ പരാഗാണ് ടീമിലെ മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം.
അടുത്തിടെ അവസാനിച്ച സയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ടോപ് സ്കോറര്‍ ആയത് പരാഗ് ആയിരുന്നു. ഈ സാഹചര്യത്തില്‍ മുൻ സീസണുകളില്‍ രാജസ്ഥാൻ ലൈനപ്പില്‍ നിറം മങ്ങിയ ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ള പരാഗ് എങ്ങിനെ ബാറ്റ് ചെയ്യുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇംപാക്‌ട് പ്ലെയര്‍ ആയിട്ടാകും ധ്രുവ് ജുറെലിന് അവസരം ലഭിച്ചേക്കുക. ട്രെന്‍റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശര്‍മ എന്നിവരാണ് റോയല്‍സിന്‍റെ ബൗളിങ് കുന്തമുനകള്‍.
കഴിഞ്ഞ രണ്ട് സീസണിലും നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനാകും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ശ്രമങ്ങള്‍. പുതിയ പരിശീലകന് കീഴില്‍ കെഎല്‍ രാഹുലും സംഘവും വലിയ സ്വപ്‌നങ്ങളാണ് കാണുന്നത്. പരിചയസമ്പന്നരും യുവതാരങ്ങളുമാണ് ടീമിന്‍റെ കരുത്ത്.
കെഎല്‍ രാഹുല്‍, ക്വിന്‍റണ്‍ ഡി കോക്ക്, നിക്കോളസ് പുരാൻ, ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, കെയ്‌ല്‍ മെയേഴ്‌സ് പേരുകേട്ട വമ്പൻ താരനിര തന്നെ ഇക്കുറിയും ലഖ്‌നൗവിനായി കളത്തിലിറങ്ങും. പരിചയ സമ്പന്നനായ ഇന്ത്യൻ ഫാസ്റ്റ് ബൗളറുടെ അഭാവം ടീമിന് തിരിച്ചടിയാണ്. മൊഹ്‌സിൻ ഖാൻ, ശിവം മാവി, അര്‍ഷാദ് ഖാൻ ഉള്‍പ്പടെയുള്ള താരങ്ങളെ ഉപയോഗിച്ച് ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് എല്‍എസ്‌ജിയുടെ കണക്ക് കൂട്ടല്‍.
പിച്ച് റിപ്പോര്‍ട്ട് : ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ 172 റണ്‍സായിരുന്നു കഴിഞ്ഞ ഐപിഎല്‍ സീസണിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോര്‍. ഫാസ്റ്റ് ബൗളര്‍മാരെക്കാള്‍ കൂടുതലായി സ്‌പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്നും ആനുകൂല്യം ലഭിച്ചേക്കും. ഇവിടെ ടോസും ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം മൂന്ന് ജയമാണ് ഇവിടെ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.
Also Read : ഇതാവണം ഇംപാക്‌ട് പ്ലെയര്‍ ; ഹര്‍ഷലിനെ നിലം തൊടീക്കാതെ 21കാരന്‍ പയ്യന്‍ - IPL 2024
രാജസ്ഥാൻ റോയല്‍സ് സ്‌ക്വാഡ് : സഞ്ജു സാംസൺ, ജോസ് ബട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, കുനാൽ സിംഗ് റാത്തോഡ്, റോവ്‌മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ-കാഡ്‌മോർ, രവിചന്ദ്രൻ അശ്വിൻ, ഡോണോവൻ ഫെരേര, യുസ്‌വേന്ദ്ര ചാഹൽ, തനുഷ് കൊടിയാൻ, ആബിദ് മുഷ്‌താഖ്, കുൽദീപ് സെൻ, നവ്ദീപ് സൈനി, സന്ദീപ് ശർമ, അവേഷ് ഖാൻ, ട്രെൻ്റ് ബോൾട്ട്, നാന്ദ്രെ ബർഗർ.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌ക്വാഡ് : കെ എൽ രാഹുൽ (ക്യാപ്റ്റന്‍), ക്വിന്‍റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, ദേവ്‌ദത്ത് പടിക്കൽ, ആയുഷ് ബദോനി, ദീപക് ഹൂഡ, കെ ഗൗതം, ക്രുണാൽ പാണ്ഡ്യ, കൈൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയിനിസ്, പ്രേരക് മങ്കാദ്, യുദ്ധ്‌വീര്‍ സിംഗ്, ഷമർ ജോസഫ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌നോയ്, യാഷ് താക്കൂർ, അമിത് മിശ്ര, നവീൻ ഉൾ ഹഖ്, ശിവം മാവി, മണിമാരൻ സിദ്ധാർഥ്, അർഷിൻ കുൽക്കർണി (IPL 2024 Lucknow Super Giants squad).