മുംബൈ: രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയാകാന്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍റെ അഭിമുഖം കഴിഞ്ഞു. മറ്റാരും അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല എന്നത് കൊണ്ട് തന്നെ ഇനി ഇദ്ദേഹത്തിന് മുന്നില്‍ യാതൊരു കടമ്പകളുമില്ല.
2007ലും 2011ലും ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടിയെടുക്കാന്‍ നിര്‍ണായക പങ്കുവഹിച്ച കളിക്കാരനാണ് ഗൗതം ഗംഭീര്‍. കഴിഞ്ഞ ദിവസം ഈ മുന്‍ ഓപ്പണറെയും വനിത ടീം പരിശീലകന്‍ വി വി രാമനെയും സൂം വഴി ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അഭിമുഖം നടത്തി.
ഗംഭീറിന്‍റെ നിയമനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ട്വന്‍റി20യുടെ സമാപന ചടങ്ങിലാകും. ക്രിക്കറ്റിന്‍റെ മൂന്ന് വിഭാഗങ്ങളുടെയും മുഖ്യ പരിശീലകന്‍ ഈ നാല്‍പ്പത്തിരണ്ടുകാരനാകും. 2024 ജൂലൈയിലാകും ഇദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം. 2027 ഡിസംബര്‍ വരെയാകും നിയമന കാലാവധി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഗംഭീറിന്‍റെ അഭിമുഖം ആരംഭിച്ചത്. അരമണിക്കൂറോളം ഇത് നീണ്ടു. പിന്നീട് രാമന്‍റെയും അഭിമുഖം നടന്നു.