മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞേക്കുമെന്ന സൂചന നല്‍കി ബിസിസിഐ. ടീമിന് പുതിയ പരിശീലനകനെ തേടുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. പുതിയ പരിശീലകനായി അപേക്ഷ ക്ഷണിക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും നിയമനമെന്നുമാണ് ജയ് ഷാ പ്രതികരിച്ചിരിക്കുന്നത്.
പോസ്റ്റിലേക്ക് ദ്രാവിഡിനും അപേക്ഷിക്കാമെന്നും വിദേശ പരിശീലകനെ നിയമിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ജയ് ഷാ പറഞ്ഞു. ''ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനെ നിലയില്‍ രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി ജൂണ്‍ വരെയാണ്. വീണ്ടും അപേക്ഷിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടെങ്കില്‍ അതു ചെയ്യാം. പുതിയ പരിശീലകൻ ഇന്ത്യക്കാരനാണോ വിദേശിയാണോ എന്നത് പറയാന്‍ കഴിയില്ല.
അക്കാര്യത്തില്‍ ക്രിക്കറ്റ് ഉപദേശക സമിതിയാണ് തീരുമാനം എടുക്കുക" ജയ് ഷാ പറഞ്ഞു. ജൂണിലാണ് രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കുന്നത്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ പുതിയ പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ നീക്കം.
മൂന്ന് ഫോര്‍മാറ്റുകളില്‍ വ്യത്യസ്‌ത പരിശീലകരെ നിയമിക്കാനുള്ള സാധ്യതയും ജയ് ഷാ തള്ളി. "വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്‌ത പരിശീലകര്‍ വേണോയെന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടത് ഉപദേശക സമിതിയാണ്. ഇന്ത്യയ്‌ക്കായി വ്യത്യസ്‌ത ഫോര്‍മാറ്റില്‍ കളിക്കുന്ന നിരവധി താരങ്ങളുണ്ട്. വിരാട് കോലി, രോഹിത് ശർമ, റിഷഭ് പന്ത് തുടങ്ങിയവര്‍ അവരില്‍ പെട്ടവരാണ്. ഇന്ത്യയ്‌ക്ക് നിലവിൽ ഓരോ ഫോർമാറ്റിലും വ്യത്യസ്‌ത പരിശീലകരുടെ ആവശ്യമില്ല"- ജയ് ഷാ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇംപാക്‌ട് പ്ലെയര്‍ നിയമത്തിലും ജയ് ഷാ പ്രതികരിച്ചു. ഇംപാക്‌ട് പ്ലെയർ നിയമം ഐപിഎല്ലില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതു തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഫ്രാഞ്ചൈസികളുമായും ബ്രോഡ്‌കാസ്റ്റര്‍മാരുമായും ചർച്ച ചെയ്യും. ഇംപാക്‌ട് പ്ലെയര്‍ നിയമം ശാശ്വതമല്ല. എന്നാൽ നിയമത്തിനെതിരെ ആരും ഫീഡ്‌ബാക്ക് നൽകിയിട്ടില്ലെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് രാഹുല്‍ ദ്രാവിഡിന്‍റെ കീഴിലാണ് ഇന്ത്യ കളിക്കുന്നത്. ഇതിന് പിന്നാലെയാണ് ആദ്ദേഹത്തിന്‍റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. ടൂര്‍ണമെന്‍റിനായി രോഹിത് ശര്‍മ നായകനും ഹാര്‍ദിക് പാണ്ഡ്യ ഉപനായകനുമായ 15 അംഗ സ്‌ക്വാഡിനെ അടുത്തിടെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 11 വര്‍ഷത്തിലേറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ടി20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുന്നത്.