രാജ്കോട്ട്: ആരാധകർ കാത്തിരുന്ന നിമിഷം. രാജ്കോട്ട് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിന് (R Ashwin ) ചരിത്ര നേട്ടം. ടെസ്‌റ്റില്‍ 500 വിക്കറ്റുകൾ എന്ന നിര്‍ണായക നാഴികകല്ലിലേത്താണ് 37-കാരന്‍ എത്തിയത്. ഇംഗ്ലീഷ് ഓപ്പണർ സാക് ക്രാവ്‌ളിയാണ് അശ്വിന്‍റെ 500-ാമത്തെ ഇരയായത്.
മികച്ച രീതിയില്‍ ബാറ്റ് ചെയ്‌ത് മുന്നേറിയ ഇംഗ്ലീഷ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതിലൂടെ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യയ്ക്കും ആശ്വാസം. രജത് പടിദാറിന് ക്യാച്ച് നല്‍കിയാണ് ക്രാവ്‌ളി മടങ്ങിയത്. 98 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിൻ 500 വിക്കറ്റുകൾ എന്ന സ്വപ്‌ന നേട്ടത്തിലെത്തിയത്.
132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകൾ നേടിയ കുംബ്ലെ മാത്രമാണ് ഇന്ത്യൻ ബൗളർമാരില്‍ അശ്വിന് മുന്നിലുള്ളത്. 131 ടെസ്റ്റുകളില്‍ നിന്ന് 434 വിക്കറ്റുകൾ നേടിയ കപില്‍ ദേവും 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റുകൾ നേടിയ ഹർഭജൻ സിങുമാണ് അശ്വിന് പിന്നിലുള്ളത്.
അശ്വിന് മുന്നിലുള്ളവർ
നഥാൻ ലിയോൺ (517).
കോൾട്‌ണി വാല്‍ഷ് (519).
ഗ്ലെൻ മഗ്രാത്ത് (563).
സ്റ്റുവർട്ട് ബ്രോഡ് (604).
അനില്‍ കുംബ്ലെ (619).
ജെയിംസ് ആൻഡേഴ്‌സൺ (696).
ഷെയ്ൻ വോൺ (708).
മുത്തയ്യ മുരളീധരൻ (800).
കളിച്ച മത്സരങ്ങളുടെയും എറിഞ്ഞ പന്തുകളുടേയും അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 500 ടെസ്റ്റ് വിക്കറ്റ് തികയ്‌ച്ച താരങ്ങളില്‍ രണ്ടാം സ്ഥാനമാണ് അശ്വിനുള്ളത്. മത്സരങ്ങളുടെ എണ്ണത്തില്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിന് മുന്നില്‍. 87 ടെസ്റ്റുകളില്‍ നിന്നാണ് മുത്തയ്യ മുരളീധരന്‍ 500 ടെസ്റ്റ് വിക്കറ്റുകളിലേക്ക് എത്തിയത്. 98 മത്സരങ്ങളുമായി അശ്വിന്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ 105 മത്സരങ്ങളുമായി അനില്‍ കുംബ്ലെ, 108 മത്സരങ്ങളുമായി ഷെയ്‌ന്‍ വോണ്‍, 110 മത്സരങ്ങളുമായിഗ്ലെൻ മഗ്രാത്ത് എന്നിവരാണ് പിന്നില്‍.
പന്തുകളുടെ എണ്ണത്തില്‍ മഗ്രാത്താണ് അശ്വിന് മുന്നിലുള്ളത്. ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ 25528 പന്തുകളാണ് ഓസീസ് പേസര്‍ എറിഞ്ഞിട്ടുള്ളത്. 25714 പന്തുകളില്‍ നിന്നാണ് അശ്വിന്‍റെ 500 വിക്കറ്റ് നേട്ടം. ജെയിംസ് ആന്‍ഡേഴ്‌സണ്‍ (28150), സ്റ്റുവര്‍ട്ട് ബ്രോഡ് (28430) , കോൾട്‌ണി വാല്‍ഷ് (28833) എന്നിവരാണ് പിന്നില്‍.
ALSO READ: ആചാരവെടിയ്‌ക്ക് ഇതാ ബെസ്റ്റ്..! സര്‍ഫറസ് ഖാന്‍റെ 'അതിവേഗ അര്‍ധ സെഞ്ച്വറി' റെക്കോഡ് ബുക്കില്‍
അതേസമയം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 445 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ക്രാവ്‌ളിയും ബെൻ ഡക്കറ്റും ചേർന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 89 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. ആക്രമിച്ച കളിക്കുന്ന ഡക്കറ്റ് 39 പന്തില്‍ 50 റൺസ് തികച്ചിരുന്നു.