റാഞ്ചി : ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി ആര്‍ അശ്വിന് (R Ashwin) സ്വന്തം. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ (India vs England 4th Test) മൂന്നാം ദിനത്തിലാണ് അശ്വിന്‍ ചരിത്രം തീര്‍ത്തത്. രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിന്‍റെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ അശ്വിന് കഴിഞ്ഞിരുന്നു.
ഇതോടെ ഹോം ടെസ്റ്റില്‍ അശ്വിന്‍റെ വിക്കറ്റ് നേട്ടം 352-ലേക്ക് എത്തി. ഇന്ത്യയിൽ 350-ല്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ഏക താരമാണ് അശ്വിൻ. 37-കാരനായ ആര്‍ അശ്വിന്‍റെ 59-മത്തെ ടെസ്റ്റാണിത്.
ഇതുവരെ ഇതിഹാസ താരം അനില്‍ കുംബ്ലെയാണ് (Anil Kumble) ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടം കയ്യടക്കി വച്ചിരുന്നത്. 63 ടെസ്റ്റുകള്‍ നിന്നും 350 വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. 265 വിക്കറ്റുകളുമായി ഹര്‍ഭജന്‍ സിങ് (Harbhajan Singh), 219 വിക്കറ്റുകളുമായി കപില്‍ ദേവ് (Kapil Dev) എന്നിവരാണ് പിന്നിലുള്ളത്.
അതേസമയം സ്വന്തം മണ്ണില്‍ മൂന്നൂറ്റിഅന്‍പതോ അതില്‍ കൂടുതലോ വിക്കറ്റുകള്‍ വീഴ്‌ത്തുന്ന താരങ്ങളുടെ പട്ടികയിലും അശ്വിന് ഇടം ലഭിച്ചു. പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് അശ്വിന്‍. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് (Muttiah Muralitharan) ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം.
73 ടെസ്റ്റുകളിൽ നിന്ന് 493 വിക്കറ്റുകൾ നേടിയാണ് താരം റെക്കോഡിട്ടത്. ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആൻഡേഴ്‌സൺ James Anderson (105 ടെസ്റ്റുകളിൽ നിന്ന് 434 വിക്കറ്റുകൾ), സ്റ്റുവർട്ട് ബ്രോഡ് Stuart Broad (98 ടെസ്റ്റുകളിൽ നിന്ന് 398 വിക്കറ്റുകൾ), അനിൽ കുംബ്ലെ ( 63 ടെസ്റ്റുകളിൽ നിന്ന് 350) എന്നിവരായിരുന്നു പട്ടികയില്‍ അശ്വിന് മുന്നെ സ്ഥാനം പടിച്ചിരുന്നത്.
ALSO READ: 'അടുത്ത എംഎസ് ധോണി' ; ജുറെലിനെ വാനോളം പുകഴ്‌ത്തി ഗവാസ്‌കര്‍
ഇന്ത്യ പ്ലെയിങ് ഇലവൻ : രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് (India Playing XI For 4th Test).
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ : ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജെയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍ (England Playing XI For 4th Test Against India).