ഐപിഎല്ലില്‍ മികച്ച രീതിയില്‍ തുടങ്ങി ഒടുക്കം കലമുടയ്‌ക്കുന്ന ടീമാണ് പഞ്ചാബ് കിങ്സ് (Punjab Kings). പലപ്പോഴും പേരുകേട്ട വമ്പൻ താരനിരയുമാണ് അവര്‍ കളത്തിലേക്ക് എത്തുന്നത്. ആദ്യ ഘട്ടത്തിലെ മത്സരങ്ങള്‍ കഴിയുമ്പോള്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ മുൻപന്തിയില്‍ തന്നെയായിരിക്കും പഞ്ചാബിനും സ്ഥാനം.
എന്നാല്‍, ടൂര്‍ണമെന്‍റിന് തിരശീല വീഴുമ്പോള്‍ ഏഴ്, എട്ട് സ്ഥാനക്കാരായിട്ടാകും അവരുടെ മടക്കം. ഏത് സീസണ്‍ എടുത്താലും ഇതാണ് പഞ്ചാബ് കിങ്‌സിന്‍റെ കഥ. ഈ ചരിത്രം തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെയാകും ഇക്കുറി ശിഖര്‍ ധവാനും സംഘവും ഐപിഎല്ലിന്‍റെ പതിനേഴാം പതിപ്പിലേക്ക് എത്തുന്നത്.
പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരായിട്ടായിരുന്നു കഴിഞ്ഞ സീസണില്‍ പഞ്ചാബിന്‍റെ മടക്കം. മികച്ച തുടക്കം സീസണ്‍ പകുതി പിന്നിട്ടപ്പോഴേയ്‌ക്കും നഷ്‌ടമായതായിരുന്നു പഞ്ചാബിന് തിരിച്ചടിയായത്. എന്നാല്‍, ഇക്കുറി പുത്തൻ പ്രതീക്ഷകളുമായാണ് പഞ്ചാബ് കിങ്‌സ് കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. ആഭ്യന്തര, അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടുള്ള നിരവധി താരങ്ങളെ കഴിഞ്ഞ ലേലത്തില്‍ പഞ്ചാബ് കൂടാരത്തില്‍ എത്തിച്ചിട്ടുണ്ട്. ഐപിഎല്ലിന്‍റെ പതിനേഴാം പതിപ്പില്‍ ആദ്യ കിരീടം തേടിയിറങ്ങുന്ന പഞ്ചാബ് കിങ്‌സിന്‍റെ ശക്തി ദൗര്‍ബല്യങ്ങള്‍ പരിശോധിക്കാം.
പഞ്ചാബ് കിങ്‌സിന്‍റെ ശക്തി : ബൗളര്‍മാരുടെ പ്രകടനങ്ങള്‍ ആയിരിക്കും വരുന്ന സീസണില്‍ പഞ്ചാബ് കിങ്‌സിന്‍റെ ഭാവി തീരുമാനിക്കുക. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും കളി തിരിക്കാൻ പറ്റിയ ബൗളര്‍മാര്‍ പഞ്ചാബ് സ്ക്വാഡിനൊപ്പമുണ്ട്. അര്‍ഷ്‌ദീപ് സിങ്, കഗീസോ റബാഡ, നാഥൻ എല്ലിസ്, സാം കറൻ, രാഹുല്‍ ചഹാര്‍ എന്നിവരായിരുന്നു ടീമിലെ പ്രധാന ബൗളര്‍മാര്‍.
ഈ കൂട്ടത്തിലേക്ക് ക്രിസ് വോക്‌സ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയും എത്തിച്ച് ശക്തി കൂട്ടാൻ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം ബൗളര്‍മാരായി സിക്കന്ദര്‍ റാസ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരുമുണ്ടെന്നത് ടീമിന് ആശ്വാസം.
Also Read : കുട്ടിക്ക്രിക്കറ്റിലെ ആറാം പൊൻ കിരീടം തേടി തലയും പിള്ളേരും...ഐപിഎല്ലിന് അരങ്ങുണരുന്നു...
ബാറ്റിങ്ങില്‍ ശിഖര്‍ ധവാൻ, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ എന്നിവരുടെ പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും പഞ്ചാബ് കിങ്‌സിന്‍റെ കുതിപ്പ്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ പ്രഭ്‌സിമ്രാൻ സിങ്ങും മികവിലേക്ക് ഉയര്‍ന്നാല്‍ പഞ്ചാബിന് കാര്യമായി പേടിക്കേണ്ടി വരില്ല. ദക്ഷിണാഫ്രിക്കൻ താരം റില്ലീ റൂസോയാണ് ടീമിലെ മറ്റൊരു പ്രധാന ബാറ്റര്‍.
പ്ലെയിങ് ഇലവൻ കണ്ടെത്താൻ നായകന് തലപുകയ്‌ക്കണം : ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്‌സ്റ്റൺ, റില്ലീ റൂസോ, സിക്കന്ദര്‍ റാസ, ക്രിസ് വോക്‌സ്, സാം കറൻ, കഗീസോ റബാഡ, നാഥൻ എല്ലിസ് ഈ സീസണിലെ പഞ്ചാബിന്‍റെ വിദേശ താരങ്ങളാണ് ഇവര്‍. മികച്ച വിദേശ താരങ്ങള്‍ ഉണ്ടെങ്കിലും ആഭ്യന്തര താരങ്ങളുടെ അഭാവമാണ് ടീമിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്ക്വാഡില്‍ ഉള്ള താരങ്ങളില്‍ അര്‍ഷ്‌ദീപ് സിങ്, ജിതേഷ് ശര്‍മ എന്നിവര്‍ മാത്രമാണ് അടുത്തകാലത്തായി ഇന്ത്യൻ ടീമില്‍ കളിച്ചത്.
ആഭ്യന്തര താരങ്ങള്‍ സ്ഥിരത പുലര്‍ത്തിയില്ലെങ്കില്‍ ഇക്കുറിയും വലിയ തിരിച്ചടി തന്നെ പഞ്ചാബ് കിങ്‌സിന് നേരിടേണ്ടിവരും. നാല് വിദേശ താരങ്ങള്‍ക്ക് മാത്രമാണ് ഓരോ മത്സരത്തിലും അവസരം ലഭിക്കുന്നത്. ഈ സാഹചര്യം അവരുടെ ബാറ്റിങ് കൂടുതല്‍ ദുര്‍ബലമാക്കാനാണ് സാധ്യത.
Also Read : ക്യാപ്റ്റനായി രോഹിത്തില്ല, ഹാർദികിന്‍റെ ചിറകിലേറി ഐപിഎല്‍ കിരീടം പിടിക്കാൻ മുംബൈ ഇന്ത്യൻസ്
പഞ്ചാബ് കിങ്‌സ് സ്ക്വാഡ് (Punjab Kings Squad IPL 2024)
ബാറ്റര്‍മാര്‍ : ശിഖര്‍ ധവാൻ (ക്യാപ്‌റ്റൻ), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സിമ്രാൻ സിങ്, ലിയാം ലിവിങ്‌സ്റ്റണ്‍, ഹര്‍പ്രീത് ഭാട്ടിയ, റില്ലീ റൂസോ, ശശാങ്ക് സിങ്.
ഓള്‍റൗണ്ടര്‍മാര്‍: ക്രിസ് വോക്‌സ്, സാം കറൻ, സിക്കന്ദര്‍ റാസ, വിശ്വനാഥ് പ്രതാപ് സിങ്, അഷുതോഷ് ശര്‍മ, തനയ് ത്യാഗരാജൻ, അതര്‍വ ടൈഡെ, റിഷി ധവാൻ, ശിവം സിങ്.
ബൗളര്‍മാര്‍ : അര്‍ഷ്‌ദീപ് സിങ്, കഗീസോ റബാഡ, നാഥൻ എല്ലിസ്, രാഹുല്‍ ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍പ്രീത് ബ്രാര്‍, പ്രിൻസ് ചൗധരി, വിദ്വത് കവേരപ്പ.
പഞ്ചാബ് കിങ്‌സ് ഐപിഎല്‍ 2024 ആദ്യഘട്ട മത്സരങ്ങള്‍
- മാര്‍ച്ച് 23 - പഞ്ചാബ് കിങ്‌സ് vs ഡല്‍ഹി കാപിറ്റല്‍സ് (PCA New Stadium, Mullanpur)
- മാര്‍ച്ച് 25 - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs പഞ്ചാബ് കിങ്‌സ് (M Chinnaswamy Stadium, Bengaluru)
- മാര്‍ച്ച് 30 - ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് vs പഞ്ചാബ് കിങ്‌സ് (Ekana Cricket Stadium, Lucknow)
- ഏപ്രില്‍ 04 - ഗുജറാത്ത് ടൈറ്റൻസ് vs പഞ്ചാബ് കിങ്‌സ് (Narendra Modi Stadium, Ahmedabad)
Also Read : 'ക്യാപ്റ്റൻ സഞ്ജുവും സംഘവും ഇറങ്ങുന്നു', കിരീടത്തില്‍ കുറഞ്ഞൊന്നും രാജസ്ഥാൻ റോയല്‍സ് ചിന്തിക്കുന്നില്ല