കൊല്‍ക്കത്ത: ഈഡൻ ഗാര്‍ഡൻസില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റെക്കോഡ് സ്കോര്‍ ചേസ് ചെയ്‌ത് ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും പുതിയ ചരിത്രമെഴുതി പഞ്ചാബ് കിങ്‌സ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 261 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ സെഞ്ച്വറിയടിച്ച ജോണി ബെയര്‍സ്റ്റോയ്‌ക്ക് കൂട്ടായി പ്രഭ്‌സിമ്രാൻ സിങ്ങും ശശാങ്ക് സിങ്ങും കളം നിറഞ്ഞതോടെ പഞ്ചാബ് എട്ട് പന്തും എട്ട് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂറ്റൻ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് കിങ്സ് തുടക്കം മുതല്‍ക്ക് തന്നെ തകര്‍ത്തടിച്ചു. പ്രഭ്‌സിമ്രാൻ-ജോണി ബെയര്‍സ്റ്റോ കൂട്ടുകെട്ടില്‍ പവര്‍പ്ലേയില്‍ പഞ്ചാബിന്‍റെ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിയത് 93 റണ്‍സാണ്. 20 പന്തില്‍ 54 റണ്‍സ് നേടിയ പ്രഭ്‌സിമ്രാൻ സിങ് പവര്‍പ്ലേയിലെ അവസാന പന്തില്‍ സുനില്‍ നരെയ്‌ന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്‍ഔട്ട് ആയി.
അഞ്ച് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു പ്രഭ്‌സിമ്രാന്‍റെ ഇന്നിങ്‌സ്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ റിലീ റുസോയും ബെയര്‍സ്റ്റോയ്‌ക്ക് നിര്‍ണായക പിന്തുണ നല്‍കി. 85 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 16 പന്തില്‍ 26 റണ്‍സ് നേടിയ റൂസോയെ മത്സരത്തിന്‍റെ 13-ാം ഓവറില്‍ നരെയ്‌ൻ മടക്കി.
ഇതോടെ, മത്സരം തങ്ങളുടെ വരുതിയിലാകുമെന്ന് കൊല്‍ക്കത്ത കരുതിയെങ്കിലും ഈഡൻ ഗാര്‍ഡൻസ് സാക്ഷിയായത് ശശാങ്ക് സിങ്ങിന്‍റെ ബാറ്റിങ് വിസ്‌ഫോടനത്തിനായിരുന്നു. കൊല്‍ക്കത്തൻ ബൗളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തി കടത്താൻ ശശാങ്കിനായി. സെഞ്ച്വറി നേടിയ ബെയര്‍സ്റ്റോയെ കാഴ്‌ചക്കാരനാക്കിക്കൊണ്ടായിരുന്നു ശശാങ്കിന്‍റെ ബാറ്റിങ്.
28 പന്തില്‍ 68 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. എട്ട് സിക്‌സും രണ്ട് ഫോറും ശശാങ്കിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. മറുവശത്ത് ജോണി ബെയര്‍സ്റ്റോ പുറത്താകാതെ 48 പന്തില്‍ 108 റണ്‍സ് നേടി.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്‌ക്കും വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സ് അടിച്ചെടുത്തു. 32 പന്തില്‍ 71 റണ്‍സ് നേടിയ നരെയ്‌നെ മടക്കി രാഹുല്‍ ചഹാറാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഫില്‍ സാള്‍ട്ട് 37 പന്തില്‍ 75 റണ്‍സ് നേടി. ആന്ദ്രേ റസല്‍ (12 പന്തില്‍ 24), ശ്രേയസ് അയ്യര്‍ (10 പന്തില്‍ 28), റിങ്കു സിങ് (5), വെങ്കടേഷ് അയ്യര്‍ (23 പന്തില്‍ 39), രമണ്‍ദീപ് സിങ് (6*) എന്നിവരുടെ പ്രകടനങ്ങളാണ് കൊല്‍ക്കത്തയെ വമ്പൻ സ്കോറിലേക്ക് എത്തിച്ചത്. പഞ്ചാബിനായി അര്‍ഷ്‌ദീപ് സിങ് രണ്ട് വിക്കറ്റ് നേടി.