ചെന്നൈ : ഐപിഎല്ലിലെ ജീവൻമരണപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി പഞ്ചാബ് കിങ്‌സ്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ പഞ്ചാബ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജോണി ബെയര്‍സ്റ്റോ, റിലീ റൂസോ എന്നിവരുടെ പ്രകടനങ്ങളാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ, 10 മത്സരങ്ങളില്‍ നിന്നും 8 പോയിന്‍റുമായി പഞ്ചാബ് കിങ്സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്.
ചെപ്പോക്കില്‍ 163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന്‍റെ തുടക്കം അത്ര ഗംഭീരമൊന്നുമായിരുന്നില്ല. മത്സരത്തിലെ നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിങ്ങിനെ (13) നഷ്‌ടപ്പെട്ടു. രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍സ്റ്റോ റിലീ റൂസോ സഖ്യം കരുതലോടെ പഞ്ചാബ് സ്കോര്‍ ഉയര്‍ത്തി.
9.2 ഓവറില്‍ സ്കോര്‍ 83ല്‍ നില്‍ക്കെ ബെയര്‍സ്റ്റോയെ (46) എംഎസ് ധോണിയുടെ കൈകളില്‍ എത്തിച്ച് ശിവം ദുബെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 12-ാം ഓവറില്‍ റൂസോയെ (43) ശര്‍ദുല്‍ താക്കൂറും പറഞ്ഞയച്ചു. പിന്നീട് ക്രീസില്‍ ഒരുമിച്ച ശശാങ്ക് സിങ്ങും (26 പന്തില്‍ 25) ക്യാപ്‌റ്റൻ സാം കറനും (20 പന്തില്‍ 26) ചേര്‍ന്ന് പഞ്ചാബിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ചെന്നൈയ്‌ക്കായി ശിവം ദുബെ, ശര്‍ദുല്‍ താക്കൂര്‍, റിച്ചാര്‍ഡ് ഗ്ലീസൻ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സിലേക്ക് എത്തിയത്. 48 പന്തില്‍ 62 റണ്‍സായിരുന്നു ഗെയ്‌ക്‌വാദിന്‍റെ സമ്പാദ്യം. 24 പന്തില്‍ 29 റണ്‍സ് നേടിയ ഓപ്പണര്‍ അജിങ്ക്യ രഹാനെയാണ് അവരുടെ മറ്റൊരു ടോപ് സ്കോറര്‍.
ശിവം ദുബെ (0), രവീന്ദ്ര ജഡേജ (2), സമീര്‍ റിസ്‌വി (21), മൊയീൻ അലി (15), എംഎസ് ധോണി (14) എന്നിവരാണ് പുറത്തായ മറ്റ് ചെന്നൈ താരങ്ങള്‍. ഒരു റണ്‍ നേടിയ ഡാരില്‍ മിച്ചല്‍ പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി പന്തെറിഞ്ഞ ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.