ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. എവേ മത്സരത്തില്‍ വോള്‍വ്സിനെ തകര്‍ത്താണ് പീരങ്കിപ്പടയുടെ മുന്നേറ്റം. വോള്‍വ്‌സിന്‍റെ ഹോം ഗ്രൗണ്ടായ മോനിന്യുക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ജയമാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്.
ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡ്, മാര്‍ട്ടിൻ ഒഡേഗാര്‍ഡ് എന്നിവരാണ് മത്സരത്തില്‍ ആഴ്‌സണലിനായി ഗോള്‍ നേടിയത്. ജയത്തോടെ ആഴ്‌സണലിന് ലീഗില്‍ 74 പോയിന്‍റായി. 33 മത്സരങ്ങളില്‍ നിന്നും 23 ജയങ്ങളാണ് ആഴ്‌സണല്‍ നേടിയിട്ടുള്ളത്.
മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകളാണ് പോയിന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 32 മത്സരങ്ങളില്‍ 73 പോയിന്‍റാണ് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക്. അത്രയും മത്സരങ്ങളില്‍ നിന്നും 21 ജയം പക്കലുള്ള ലിവര്‍പൂളിന് 71 പോയിന്‍റാണ് നിലവില്‍.
മൂന്ന് ടീമുകളും തമ്മിലുള്ള ഗോള്‍ ഡിഫറൻസില്‍ ചെറിയ മുൻതൂക്കം നിലവില്‍ ആഴ്‌സണലിനാണ്. അവര്‍ 77 ഗോള്‍ നേടിയപ്പോള്‍ 26 എണ്ണമാണ് വഴങ്ങിയത്. മറുവശത്ത് മാഞ്ചസ്റ്റര്‍ സിറ്റി 76 ഗോള്‍ നേടിയെങ്കിലും 32 എണ്ണം വഴങ്ങിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ 72 ഗോള്‍ അടിക്കുകയും 41 ഗോള്‍ വഴങ്ങുകയും ചെയ്‌തു.
പോയിന്‍റ് പട്ടികയിലെ 11-ാം സ്ഥാനക്കാരായ വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായിരുന്നു ആഴ്‌സണല്‍ ആദ്യം ലീഡ് പിടിച്ചത്. മത്സരത്തിന്‍റെ 45-ാം മിനിറ്റില്‍ ട്രൊസ്സാര്‍ഡിന്‍റെ തകര്‍പ്പൻ ഫിനിഷിങ്ങായിരുന്നു അവര്‍ക്ക് ലീഡ് സമ്മാനിച്ചത്. ഇഞ്ചുറി ടൈമിലായിരുന്നു ക്യാപ്‌റ്റൻ ഒഡേഗാര്‍ഡ് പീരങ്കിപ്പടയുടെ ജയത്തിന്‍റെ മാറ്റ് കൂട്ടിയ രണ്ടാം ഗോള്‍ നേടിയത്.
സീസണില്‍ അഞ്ച് മത്സരങ്ങളാണ് ആഴ്‌സണലിന് ഇനി ശേഷിക്കുന്നത്. അടുത്ത മത്സരത്തില്‍ ചെല്‍സിയാണ് ആര്‍ട്ടേറ്റയുടെയും സംഘത്തിന്‍റെയും എതിരാളികള്‍. ഏപ്രില്‍ 24ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് ഈ മത്സരം.